
മുംബൈ: 2025 ഐപിഒ വിപണിയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡ് ആണ് സൃഷ്‌ടിച്ചതെങ്കില്‍ 2026ല്‍ ആ റെക്കോഡ് തിരുത്താന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. 96 കമ്പനികള്‍ക്ക് ഇതിനകം ഐപിഒ നടത്താനുള്ള സെബിയുടെ അനുമതി ലഭിച്ചു കഴിഞ്ഞു.
അനുമതി ലഭിച്ച 96 ഐപിഒകള്‍ 1.25 ലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 106 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നു. 1.40 ലക്ഷം കോടി രൂപയാണ് ഈ കമ്പനികള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
സെബിയുടെ അനുമതി ലഭിച്ചതും അനുമതി കാത്തിരിക്കുന്നതുമായ ഐപിഒകളുടെ മൊത്തം മൂല്യം 2.65 ലക്ഷം കോടി രൂപയാണ്. മൊത്തം 202 കമ്പനികളാണ് 2026ല്‍ ഐപിഒ നടത്താന്‍ നീക്കം നടത്തുന്നത്. ഇവയില്‍ ഏഴ് എണ്ണം ന്യൂ ഏജ് ടെക് കമ്പനികളാണ്. ഇവ 22,500 കോടി രൂപയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്.
റിലയന്‍സ് ജിയോയുടെ ഐപിഒ 2026ല്‍ വിപണിയിലെത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നാണ് കരുതുന്നത്.
എന്‍എസ്‌ഇ, ഫ്‌ളിപ്പ്‌കാര്‍ട്ട് എന്നീ കമ്പനികളുടെ ഐപിഒകളും അടുത്ത വര്‍ഷം വിപണിയിലെത്താന്‍ സാധ്യതയുണ്ട്. 2025ല്‍ ഐപിഒകള്‍ 1.76 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
ഐപിഒ വഴിയുള്ള ധന സമാഹരണത്തില്‍ പുതിയ റെക്കോര്‍ഡ് ആണ് 2025ല്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഐപിഒ വിപണി 1.73 ലക്ഷം കോടി രൂപയായിരുന്നു സമാഹരിച്ചിരുന്നത്. ഈ റെക്കോഡാണ് ഈ വര്‍ഷം മറികടന്നത്.
ടാറ്റാ കാപ്പിറ്റല്‍, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി, ലെന്‍സ്‌കാര്‍ട്ട്, ഗ്രോ തുടങ്ങിയ കമ്പനികളുടെ മെഗാ ഐപിഒകളാണ് ഈ വര്‍ഷം വിപണിയിലെത്തിയത്.






