
. 43,334.25 കോടി രൂപ വരുമാനം നേടി ശീതീകരിച്ച ചെമ്മീൻ പ്രധാനപ്പെട്ട ഇനമെന്ന സ്ഥാനം നിലനിർത്തി
കൊച്ചി: 2024-25 കാലയളവിൽ ഇന്ത്യ 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) വിലമതിക്കുന്ന 16,98,170 മെട്രിക് ടൺ സമുദ്രോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്തതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി വി സ്വാമി.
അളവിലും മൂല്യത്തിലും ഏറ്റവും കൂടുതൽ കയറ്റുമതിചെയ്ത ഇനം ശീതീകരിച്ച ചെമ്മീനാണ്. ഇന്ത്യൻ സമുദ്രോത്പ്പന്നങ്ങളുടെ പ്രധാന ഇറക്കുമതിരാജ്യങ്ങളായി യുഎസ്എയും ചൈനയും മാറി. എംപിഇഡിഎ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇന്ത്യ ഈ കാലയളവിൽ 7.45 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 16,98,170 മെട്രിക് ടൺ സമുദ്രോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്തതായി വ്യക്തമാക്കി.
43,334.25 കോടി രൂപ (5,177.01 ദശലക്ഷം യുഎസ് ഡോളർ) വരുമാനം ലഭ്യമാക്കിക്കൊണ്ട് ശീതീകരിച്ച ചെമ്മീൻ, സമുദ്രോത്പ്പന്ന കയറ്റുമതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമെന്ന സ്ഥാനം നിലനിർത്തി. കയറ്റുമതി ചെയ്ത ഉത്പ്പന്നങ്ങളുടെ ആകെ അളവിൽ 43.67 ശതമാനവും മൊത്തം ഡോളർ വരുമാനത്തിന്റെ 69.46 ശതമാനവും ഇതിൽ നിന്നാണ്.
രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഈ കാലയളവിലെ ചെമ്മീൻ കയറ്റുമതിയിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 6.06 ശതമാനവുമാണ് വർധന.
ശീതീകരിച്ച ചെമ്മീനിന്റെ മൊത്തം കയറ്റുമതി 2024-25 കാലയളവിൽ 7,41,529 മെട്രിക് ടൺ ആയി കണക്കാക്കുന്നു. ഏറ്റവും വലിയ വിപണിയായ യുഎസ്എ 3,11,948 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തു.
തൊട്ടുപിന്നാലെ ചൈന (1,36,164 മെട്രിക് ടൺ), യൂറോപ്യൻ യൂണിയൻ (99,310 മെട്രിക് ടൺ), തെക്കുകിഴക്കൻ ഏഷ്യ (58,003 മെട്രിക് ടൺ), ജപ്പാൻ (38,917 മെട്രിക് ടൺ), മിഡിൽ ഈസ്റ്റ് (32,784 മെട്രിക് ടൺ), മറ്റ് രാജ്യങ്ങൾ എല്ലാം ചേർന്ന് (64,403 മെട്രിക് ടൺ) എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ കണക്കുകൾ. വനാമി, ബ്ലാക്ക് ടൈഗർ, സ്കാമ്പി എന്നീ ഇനങ്ങളുടെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലും വർദ്ധനയുണ്ടായി.
കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ഉൽപ്പന്നമായ ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതിയിലൂടെ 5,212.12 കോടിരൂപ (622.60 ദശലക്ഷം യുഎസ് ഡോളർ) വരുമാനം നേടി. മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവയ്ക്ക് 3078.01 കോടിരൂപ (367.68 ദശലക്ഷം യുഎസ് ഡോളർ) വരുമാനം നേടി.
രൂപയുടെ മൂല്യത്തിൽ പരിഗണിക്കുമ്പോൾ കണവയുടെ കയറ്റുമതിയിൽ 0.54 ശതമാനവും വർധനയുണ്ടായി. ഉണക്കിയ ഇനങ്ങളുടെ കയറ്റുമതി 2,52,948 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു. ഇത് 2852.60 കോടിരൂപ (340.75 ദശലക്ഷം യുഎസ് ഡോളർ) വരുമാനം നേടുകയും ചെയ്തു.
ശീതീകരിച്ച കട്ടിൽഫിഷ് ഇനം, അളവിലും മൂല്യത്തിലും യഥാക്രമം 9.11ശതമാനവും 3.99 ശതമാനവും കയറ്റുമതി വളർച്ച കൈവരിച്ചു. 285.57 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള 59,264 മെട്രിക് ടണ്ണാണ് ഇതിന്റെ കയറ്റുമതി.ശീതീകരിച്ച ഇനങ്ങളുടെ കയറ്റുമതിയിലൂടെ ആകെ 659.41 കോടിരൂപയുടെ ( 78.79 ദശലക്ഷം യുഎസ് ഡോളർ) വരുമാനം നേടി. ജീവനുള്ള ഇനങ്ങളുടെ കയറ്റുമതി, യുഎസ് ഡോളർ അടിസ്ഥാനത്തിൽ 15.21ശതമാനവും വളർച്ച (56.01 ദശലക്ഷം യുഎസ് ഡോളർ) കൈവരിച്ചു.
വിദേശ വിപണികളെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ സമുദ്രോത്പ്പന്നങ്ങളുടെ പ്രധാന ഇറക്കുമതി രാജ്യമായി യുഎസ്എ തുടർന്നു. 2,714.94 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള 3,46,868 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ, യുഎസ്എ ഇറക്കുമതി ചെയ്തു.
യുഎസിലേക്കുള്ള കയറ്റുമതിയിൽ ഡോളർ മൂല്യത്തിൽ 6.50 ശതമാനം, രൂപ മൂല്യത്തിൽ 8.76 ശതമാനം എന്നിങ്ങനെയും അളവിൽ 5.37 ശതമാനവും വർദ്ധിച്ചു. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പ്പന്ന ഇറക്കുമതിയിൽ, ശീതീകരിച്ച ചെമ്മീനാണ് യുഎസ്എ പ്രധാനമായും ഇറക്കുമതിചെയ്തത് (ആകെ മൂല്യത്തിൽ 92.55 ശതമാനം വിഹിതം).
1,276.58 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള 3,96,424 മെട്രിക് ടൺ (അളവിൽ ഏറ്റവും കൂടുതൽ) സമുദ്രഭക്ഷ്യോത്പ്പന്നങ്ങൾ, ഇന്ത്യയിൽ നിന്നും ചൈന ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്തവയുടെ മൂല്യം (യുഎസ് ഡോളർ) പരിഗണിക്കുമ്പോൾ 1,125.60 ദശലക്ഷം യുഎസ് ഡോളറിന്റെ 2,15,080 മെട്രിക് ടൺ ഇറക്കുമതിയുമായി യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്ത് തുടർന്നു.
യുഎസ് ഡോളർ അടിസ്ഥാനത്തിൽ തെക്കുകിഴക്കൻ ഏഷ്യ നാലാമത്തെ വലിയ വിപണിയാണ്. 974.99 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന 3,47,541 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. 411.55 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന 1,02,933 മെട്രിക് ടൺ ഇറക്കുമതിയുമായി ജപ്പാൻ അഞ്ചാമത്തെ വലിയ ഇറക്കുമതി രാജ്യമായി തുടർന്നു.
278.31 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന 65,956 മെട്രിക് ടൺ ഇറക്കുമതിയുമായി മിഡിൽ ഈസ്റ്റ് ആണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ആറാം സ്ഥാനത്തുള്ള രാജ്യം.