
ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള കാലയളവിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ ഏകദേശം ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ, ഒരു കാലത്തോളം സ്ഥിരതയാർന്നതും ശക്തവുമായിരുന്ന കയറ്റുമതി ഘടനയിൽ വ്യക്തമായ ഭിന്നത പ്രകടമായി. ഇന്ത്യയുടെ സീഫുഡ് കയറ്റുമതിയിൽ അമേരിക്ക പ്രധാന വിപണിയെന്ന നിലയിൽ നിലകൊണ്ടിരുന്നു; പ്രത്യേകിച്ച് ചെമ്മീൻ ഉത്പന്നങ്ങളുടെ കാര്യത്തിൽ ആശ്രിതത്വം വളരെ ശക്തമായിരുന്നു.
എന്നാൽ അധിക തീരുവകളും പരിശോധന നിയന്ത്രണങ്ങളും ശക്തമായതോടെ ഈ ആശ്രിതത്വം ഒരു ഘടനാപരമായ അപാകതയായി തിരിച്ചറിഞ്ഞിരിക്കുകയാണ്. അതേസമയം, ഇതേ കാലയളവിൽ ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നീ വിപണികളിലേക്കുള്ള കയറ്റുമതി ഉയർന്നതും ശ്രദ്ധേയമാണ്. ഈ രണ്ട് പ്രവണതകൾ ചേർന്ന് വ്യക്തമാക്കുന്നത്, ഒരു വിപണിയിൽ മാത്രം ആശ്രയിച്ച് നിൽക്കുന്ന മുഴുവൻ മേഖലകളുടെയും ദുർബലത എന്ന അതി നിർണായക പശ്ചാത്തലമാണ്.
ഈ സാഹചര്യം ഒരു ചെറിയ തടസ്സമെന്ന നിലയിലല്ല കാണേണ്ടത്. സമുദ്രോത്പന്ന വ്യവസായത്തെ മറ്റൊരു കാഴ്ചപ്പാടോടെ വീക്ഷിക്കേണ്ട സമയമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കകുകയാണ് വേണ്ടത്. ദീർഘകാല മത്സരക്ഷമതയ്ക്കായി, ഇപ്പോഴുള്ള കയറ്റുമതി മാതൃകയെ പുനഃനിർവചിക്കേണ്ട സമയമാണിത്.
വില നിർണയിക്കുന്നത് ഉത്പാദകരല്ല
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഇപ്പോഴും പ്രധാനമായും ബൾക്ക് ഫോമിലാണ്. ചെമ്മീൻ, മത്സ്യം, കണവ എന്നിവ വൻ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയുടെ ഭൂരിഭാഗവും ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് നടത്തി പാചകത്തിന് തയ്യാറായ വിധത്തിലാണ്. അത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിൽ നിർണയിക്കുന്നത് വാങ്ങുന്ന രാജ്യങ്ങളോ ഇടനില പ്രോസസ്സിംഗ് യൂണിറ്റുകളോ ആണ്. ആഗോള നിരക്കുകൾക്ക് അനുസൃതമായി വിപണി ഉയർന്നാൽ വില ലഭിക്കും; താഴ്ന്നാൽ നഷ്ടം നേരിടും.
ഇവിടെയാണ് മൂല്യവർധിത ഉത്പാദനത്തിന്റെ പ്രാധാന്യം ഉയരുന്നത്. ഒരു മുഴുവൻ ചെമ്മീൻ ആഗോള വിപണിയിൽ ഒരു നിലയിൽ വില ലഭിക്കുമ്പോൾ, അതിനെ ഹോസ്പിറ്റാലിറ്റി-ഗ്രേഡ് മാരിനേറ്റഡ് പാക്ക്, ബ്രെഡഡ് സ്നാക്ക്, അല്ലെങ്കിൽ റെഡി-ടു-ഈറ്റ് ഉത്പന്നമായി വിപണിയിൽ എത്തിക്കുമ്പോൾ, അതേ ഉത്പന്നങ്ങളുടെ മൂല്യം ഗണ്യമായി ഉയരുന്നു. വില നിർണയം നമുക്ക് സാധ്യമാവുകയും ചെയ്യും. ഉത്പാദന ശൃംഖലയുടെ സമഗ്ര പരിഷ്കാരത്തിലൂടെയാണ് ഇത് സാധ്യമാവുക.
മൂല്യവർധിത പ്രോസസ്സിംഗ് യൂണിറ്റുകൾ, ഗുണമേന്മ സർട്ടിഫിക്കേഷൻ ലാബുകൾ, ശീതശൃംഖലയും ഗതാഗത സംവിധാനവും, ഇതിനായി പ്രവർത്തിക്കുന്ന കയറ്റുമതി ഹബ്ബുകൾ എന്നിവയെല്ലാം ഒന്നിച്ച് പ്രവർത്തിക്കുകയും വേണം. നിലവിൽ ഇവയ്ക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ നമുക്ക് ലഭ്യമാണ്, ഏകീകരണം ഇല്ലാത്തതാണ് നാം നേരിടുന്ന പ്രശ്നം. ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സ്റ്റാർട്ടപ്പുകൾ, സർക്കാർ ഏജൻസികൾ, മത്സ്യ തൊഴിലാളി കൂട്ടായ്മ എന്നിവയെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
വിപണി കീഴടക്കാൻ റെഡി ടു ഈറ്റ് ഉത്പന്നങ്ങൾ
ആഗോള ഭക്ഷ്യ വിപണിയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സമയ നഷ്ടം കുറയ്ക്കുന്ന റെഡി ടു കുക്ക് /റെഡി ടു ഈറ്റ് വിഭവങ്ങളാണ്. വീട്ടിൽ പാചകം ചെയ്യുന്ന സമയം കുറയുന്നതും, റെസ്റ്റോറന്റ്-ഗുണമേന്മയുളള ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളാണ് നല്ലൊരു പങ്കും. ഉയർന്ന നിലവാരമുള്ള മികച്ച പാക്കേജിംഗോടെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാൽ ആവശ്യക്കാർ വർധിക്കും. ലോകത്തുടനീളം വ്യാപിച്ച് കിടക്കുന്ന മലയാളികൾക്കും ഇതര സംസ്ഥാനക്കാർക്കും അവരുടെ രുചിയിൽ ഉത്പന്നങ്ങൾ എത്തിക്കുകയുമാകാം. വിദേശീയർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഉത്പന്നങ്ങളെത്തിക്കാം. ഇതെല്ലാം പ്രാവർത്തികമായാൽ അതി വേഗം വളരുന്നൊരു മേഖലയായിത് മാറും. സമുദ്രോത്പന്നങ്ങൾക്ക് സ്വാഭാവികമായ ഉയർന്ന സാധ്യത ഉണ്ട്. ചെമ്മീൻ സ്റ്റിക്കുകൾ, റെഡി-ടു-ഗ്രിൽ ഫിഷ് ഫില്ലറ്റുകൾ, മാരിനേറ്റഡ് കടൽ വിഭവ ബൗളുകൾ, ബ്രെഡഡ് സ്ക്വിഡ് റിംഗുകൾ, പൂർണമായും പ്രോസസ് ചെയ്ത പ്രോട്ടീൻ സമ്പന്ന ഉത്പന്നങ്ങൾ എന്നിവയെ സ്വീകരിക്കും വിധം ആഗോള വിപണി വളർന്നു കഴിഞ്ഞു.
തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങൾ ഈ വഴിയിലേക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ തിരിഞ്ഞിരുന്നു. മത്സ്യ സമ്പത്ത് ഇല്ലാത്തപ്പോഴും ഇത്തരം മൂല്യവർധിത ഉത്പന്നങ്ങളിലൂടെ ഇക്കൂട്ടർ വിപണിയുടെ നല്ലൊരു പങ്കും കയ്യാളുകയാണ്. ഇപ്പോൾ ഇന്ത്യയുടെ മൂല്യവർധിത സമുദ്രോത്പന്ന കയറ്റുമതി ഏകദേശം 742 മില്യൺ യുഎസ് ഡോളറാണ്. ഇത് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴ്ന്ന നിരക്കാണ്. അതിനാൽ, ചെമ്മീൻ വളർത്തുമ്പോൾ തന്നെ വളർത്തൽ മുതൽ പ്രോസസ്സിംഗും കയറ്റുമതിയും മുന്നിൽ കണ്ടുകൊണ്ടാകണം ഓരോ ഘട്ടവും താണ്ടേണ്ടത്. അത്തരത്തിൽ വളരെ അച്ചടക്കമുളള ഒരു ഏകീകൃത വ്യവസായ ശൃംഖല സൃഷ്ടിക്കണം. സീഫുഡ് കയറ്റുമതി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക വിദേശ വിനിമ ഉറവിടം കൂടിയാണ്. എന്നാൽ ഓരോ വർഷവും നമ്മളേക്കാൽ മറ്റ് രാജ്യങ്ങൾ മുന്നേറുകയാണ്. ഇപ്പോഴേ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പരിക്കുകളേൽക്കുമെന്നത് സുവ്യക്തം.
