
ന്യൂഡൽഹി: കേരളത്തിലെ കൊല്ലം തീരത്തേതുൾപ്പെടെ കടൽമണൽ ഖനനത്തിനായുള്ള ലേലനടപടികൾ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടർന്നാണ് ലേലനടപടികൾ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ ടെൻഡർ സമയം നീട്ടിനൽകിയിട്ടും ഒരു കമ്പനിയെപ്പോലും ആകർഷിക്കാനാവാത്തതാണ് കേരളമടക്കം പത്ത് ബ്ലോക്കുകളിലെ നടപടി റദ്ദാക്കിയത്.
എന്നാൽ, അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽപ്പെട്ട മൂന്നു ബ്ലോക്കുകളിൽ ഇ-ലേല നടപടികൾ മുന്നോട്ടുപോയെങ്കിലും ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് സാങ്കേതിക യോഗ്യത പാലിക്കാനായില്ല. പുതിയ കമ്പനികളെത്തുകയും ചെയ്യാതിരുന്നതോടെ ഇതും റദ്ദാക്കി. മൊത്തം 13 ബ്ലോക്കുകളിലാണ് രാജ്യത്താകെ ഓഫ്‌ഷോർ ഖനനത്തിന് കേന്ദ്രം തീരുമാനിച്ചിരുന്നത്. ജൂലായ് 15-നകം ടെൻഡർരേഖകൾ വാങ്ങാനായിരുന്നു കേന്ദ്രത്തിന്റെ ആദ്യ വിജ്ഞാപനം. കടൽമണൽ ഖനനത്തിനെതിരേ എതിർപ്പുകളുയർന്ന കേരളത്തിലേക്ക് ഒരു കമ്പനിയും എത്താതിരുന്നതോടെ ജൂലായ് 28 വരെയാക്കി നീട്ടി.
കൊല്ലത്ത് മൂന്ന് ബ്ലോക്കുകളിലാണ് കടൽമണൽ ഖനനത്തിനായി കണ്ടെത്തിയത്. ഇതിനുള്ള നീക്കമാരംഭിച്ചതോടെ എതിർപ്പുയരുകയായിരുന്നു. ഇന്ത്യൻ കമ്പനികൾക്കും അവരുടെ ഉപസ്ഥാപനങ്ങൾക്കുമായിരുന്നു നേരത്തേ ടെൻഡർ സമർപ്പിക്കാനാകുമായിരുന്നത്. എന്നാൽ, എതിർപ്പുകൾതീർത്ത ആശങ്കകൾ കാരണം കമ്പനികൾ വരാൻ മടിച്ചു. ഇതേത്തുടർന്ന് വിദേശ കമ്പനികൾക്കും ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് വ്യവസ്ഥകളിൽ ഭേദഗതിവരുത്തി. എന്നിട്ടും പ്രയോജനമുണ്ടായില്ല.
ഗുജറാത്തിലെ പോർബന്ദർ തീരത്ത് മൂന്ന് ബ്ലോക്കുകളിലായി ചുണ്ണാമ്പു കളിമണ്ണ് ഖനനത്തിനും അന്തമാൻ കടലിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിൽപ്പെട്ട നാല് ബ്ലോക്കുകളിലെ പോളിമെറ്റാലിക് നോഡ്യൂൾ ഖനനത്തിനുമുള്ള ടെൻഡർ നടപടികളും റദ്ദാക്കി. ഗ്രേറ്റ് നിക്കോബാർ ദ്വീപസമൂഹത്തിലെ മറ്റു മൂന്ന് ബ്ലോക്കുകളിൽപ്പെട്ട പോളിമെറ്റാലിക് നോഡ്യൂൾ ഖനനത്തിനുള്ള ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്കൊന്നും സാങ്കേതിക യോഗ്യതയിൽ വിജയിക്കാനായില്ല.
കേരളത്തിലെ കടൽമണൽ ഖനന നീക്കം ഗുരുതര പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതായതിനാൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളസർക്കാർ രണ്ടുതവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊല്ലം പരപ്പിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഖനനത്തിനായി ആദ്യം തിരഞ്ഞെടുത്തത്. കേരളത്തിനു സമീപം കടലിൽ 74.5 കോടി ടൺ മണൽ ശേഖരമുണ്ടെന്നാണ് കണ്ടെത്തൽ.






