
കൊച്ചി: അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാൽ സമുദ്രോത്പന്ന കയറ്റുമതി മേഖല തളരുന്നു. ഇക്വഡോർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരം ശക്തമായതും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
ഇതോടെ നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന കയറ്റുമതി നേടാനാവില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 409 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്.
നടപ്പു സാമ്പത്തിക വർഷം മൊത്തം 905 കോടി ഡോളറിന്റെ വില്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2022-23 വർഷത്തിൽ കയറ്റുമതി 809 കോടി ഡോളറായിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ആദ്യ ഏഴ് മാസങ്ങളിൽ ആറ് ശതമാനം ഇടിഞ്ഞു. ചൈന, ജപ്പാൻ, യൂറോപ്പ് എന്നീ പ്രമുഖ വിപണികളിൽ നിന്നും വാങ്ങൽ താത്പര്യം കുറയുകയാണ്.
ഇന്ത്യയിൽ നിന്നുള്ള കൊഞ്ചിന് അമേരിക്ക ഒക്ടോബറിൽ ആന്റി ഡംമ്പിംഗ് നികുതി ഏർപ്പെടുത്തിയതും കയറ്റുമതിക്കാർക്ക് തിരിച്ചടി സൃഷ്ടിച്ചു. യുറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ കർശനമായ ഗുണമേന്മാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തുന്നത്.
മത്സ്യങ്ങളിലെ ആന്റി ബയോട്ടിക് സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. ഇതോടെ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യുറോപ്പിലേക്കുള്ള കയറ്റുമതിയിൽ 19 ശതമാനം ഇടിവുണ്ടായി.
മൂല്യവർദ്ധനയിലെ ഉദാസീനതയും ലോജിസ്റ്റിക് പ്രശ്നങ്ങളുമാണ് സംസ്ഥാനത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ പ്രധാന വെല്ലുവിളിയെന്ന് മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് അസോസിയേഷന്റെ ഭാരവാഹികൾ പറയുന്നു.
സ്വന്തം ബ്രാൻഡിൽ ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാനുള്ള ശ്രമം കമ്പനികൾ തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്പിൽ വാങ്ങാനാളില്ല
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തവണ യു.എസ്, യൂറോപ്പ് വിപണികളിൽ നിന്നും പ്രതീക്ഷിച്ചതിലും കുറഞ്ഞ വാങ്ങൽ കരാറുകളാണ് ലഭിച്ചതെന്ന് കൊച്ചിയിലെ പ്രമുഖ കയറ്റുമതി സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെയിരെ യെൻ ദുർബലമായതോടെ ജപ്പാനും കാര്യമായ വാങ്ങൽ നടത്തിയില്ല. ചൈനയിലും മാന്ദ്യം ശക്തമാണ്.
ആഗോള സമുദ്രോത്പന്ന വിപണി 18900 കോടി ഡോളർ
ഇന്ത്യയുടെ കയറ്റുമതി 800 കോടി ഡോളർ
ഇന്ത്യയുടെ വിപണി വിഹിതം 4.3 ശതമാനം