
കോട്ടയം: മലയാളിക്കു പങ്കാളിത്തമുള്ള സ്റ്റാർട്ടപ്പ് കമ്പനി ക്യാംകോം സൗദി സർക്കാരുമായി കരാർ ഒപ്പുവച്ചു. 61.5 കോടിയിലധികം രൂപയ്ക്കാണു വിവിധ നഗരവൽക്കരണ പദ്ധതികളിൽ സഹകരിക്കുന്നതിനു സൗദി മുംമ്റ (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്) വകുപ്പുമായി കരാറായത്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടർ വിഷൻ പ്ലാറ്റ്‌ഫോമാണു ക്യാംകോം.
പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ് എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന വസ്തുക്കളുടെ ചിത്രമെടുത്താലുടൻ അതിന്റെ കേടുപാടുകൾ തിരിച്ചറിഞ്ഞ് അതു നന്നാക്കണൊ മാറ്റി പുതിയതു സ്ഥാപിക്കണൊ എന്നു കണ്ടെത്തുന്ന സംവിധാനമാണു ക്യാംകോം.
പ്രമുഖ കാർ നിർമാതാക്കളും ഇൻഷുറൻസ് കമ്പനികളും ഉപയോഗിക്കുന്ന ക്യാംകോം ഇതാദ്യമായാണ് ഒരു സർക്കാരുമായി ചേർന്ന് ഇത്രവലിയ പദ്ധതിയിൽ സഹകരിക്കുന്നതെന്നു കമ്പനി സഹസ്ഥാപകനും സിഇഒയുമായ കോട്ടയം ചിറ്റേഴത്ത് അജിത് നായർ പറഞ്ഞു.
പൊതുനിരത്തുകളിലും മറ്റും പ്രശ്നകരമായ എന്തു കണ്ടാലും അതിന്റെ ചിത്രമെടുത്ത് അയയ്ക്കാൻ സൗദി സർക്കാർ പൊതുജനങ്ങൾക്കായി മൂന്നുവർഷം മുൻപ് സ്നാപ് ആൻഡ് സെൻഡ് എന്ന ആപ്പ് നൽകിയിരുന്നു.
ഒരു വർഷത്തിനുള്ളിൽ 30 ലക്ഷം ചിത്രങ്ങളാണ് ആപ്പിൽ ലഭിച്ചത്. ഇത്രയധികം പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമിതബുദ്ധിയുടെ സഹായം കൂടിയേ തീരൂ എന്ന് മനസ്സിലാക്കിയാണ് ക്യാംകോമുമായി സഹകരിക്കാൻ സൗദി തീരുമാനിച്ചത്.
തമിഴ്നാട് സ്വദേശി മഹേഷ് സുബ്രഹ്മണ്യം, ആന്ധ്ര സ്വദേശി ഉമ മേഹേഷ് എന്നിവരുമായി ചേർന്ന് 2017ൽ ബെംഗളൂരുവിൽ ആരംഭിച്ചതാണ് ക്യാംകോം സ്റ്റാർട്ടപ് കമ്പനി.