
റിയാദ്: എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ തീരുമാനം അനുസരിച്ച് അടുത്തമാസം ഉൽപാദനം കുറയ്ക്കുമെങ്കിലും ഏഷ്യയിലേക്കുള്ള വിതരണം പൂർണതോതിൽ നിലനിർത്താൻ സൗദിയുടെ നിർണായക നീക്കം. വൻകിട ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാനാണു ഏഷ്യയ്ക്കു പ്രത്യേക പരിഗണന നൽകുന്നത്.
നേരത്തേ സംഭരിച്ച എണ്ണ ഉപയോഗിച്ചാകും വിതരണത്തോത് നിലനിർത്തുക. സാഹചര്യം മുതലെടുത്ത് റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ ഏഷ്യയിലേക്കു കൂടുതൽ എണ്ണയൊഴുക്കുന്നതു തടയുകയാണു ലക്ഷ്യം. വിതരണത്തിൽ കുറവു വരില്ലെന്ന് ഏഷ്യയിലെ 7 രാജ്യങ്ങളെ അറിയിച്ചതായാണു സൂചന.
എന്നാൽ, ഉൽപാദനത്തോത് പഴയപടിയാകുംവരെ ഇതു തുടരാനാകുമോ എന്നു വ്യക്തമാക്കിയിട്ടില്ല. നിലവിൽ നവംബറിലെ കാര്യമാണ് അറിയിച്ചിട്ടുള്ളത്. വിലയിൽ വ്യത്യാസമുണ്ടാകുമോ എന്നും വ്യക്തമാക്കിയിട്ടില്ല.
സൗദി ഉൾപ്പെട്ട എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും ഇതിൽ അംഗങ്ങളല്ലാത്ത മറ്റു പ്രധാന ഉൽപാദക– കയറ്റുമതി രാജ്യങ്ങളും ചേരുന്ന കൂട്ടായ്മയാണ് ഒപെക് പ്ലസ്. ക്രൂഡ് ഓയിൽ വിലയിടിവു തടയാൻ അടുത്തമാസം മുതൽ പ്രതിദിന എണ്ണ ഉൽപാദനം 20 ലക്ഷം ബാരൽ കുറയ്ക്കാനാണു അവർ തീരുമാനിച്ചത്.
ഉൽപാദനം കുറയ്ക്കരുതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളിയായിരുന്നു നടപടി. ഒപെക് പ്ലസ് തീരുമാനത്തിനു പിന്നാലെ എണ്ണവില ഉയർന്നു തുടങ്ങുകയും ചെയ്തു.