
കൊച്ചി: കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. കേരളത്തിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി എന്നാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്.
നിപ്പ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയക്കരുതെന്ന് ഫെബ്രുവരി 6 ന് ന്യൂഡൽഹിയിലെ സൗദി എംബസി പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നു. അതേസമയം ഇത്തരമൊരു നോട്ടിഫിക്കേഷന്‍ സൗദി എംബസി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
വവ്വാലുകളാണ് വൈറസിന്റെ സ്വാഭാവിക ഉറവിടമെന്നും അവയുടെ സ്രവങ്ങൾ കാർഷിക ഉൽപ്പന്നങ്ങളിൽ കലരുന്നത് വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നുമാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കർശനമായ ‘ഫൈറ്റോസാനിറ്ററി’ പരിശോധന ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഈ നിരോധനം കേരളത്തിലെ കയറ്റുമതി മേഖലയ്ക്കും കർഷകർക്കും വലിയ തിരിച്ചടിയാണ്. ആയിരക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതോപാധിയായ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം വഴി മാത്രം പ്രതിമാസം ഏകദേശം 3,500 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. നിരോധനം നിലനിൽക്കുന്നതിനാൽ വിമാനക്കമ്പനികൾ കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിക്കാൻ തയ്യാറാകില്ല.






