
മുംബൈ: ആരോഗ്യ പരിരക്ഷാ രംഗത്ത് സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ സേവനങ്ങള്‍ നല്‍കുന്ന സാഗിലിറ്റി ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നാളെ തുടങ്ങും. നവംബര്‍ ഏഴ് വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
28-30 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. 500 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നവംബര്‍ 12ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2106.60 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടറുടെ കൈവശമുള്ള ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
പ്രൊമോട്ടര്‍ ആയ സാഗിലിറ്റി ബി വിയുടെ കൈവശമുള്ള 70.22 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. പ്രൊമോട്ടറുടെ കൈവശമുള്ള 15 ശതമാനം ഓഹരികളുടെ വില്‍പ്പനയാണ് ലക്ഷ്യമാക്കുന്നത്.
ഐപിഒക്കു ശേഷം പ്രൊമോട്ടറുടെ കൈവശം 85 ശതമാനം ഓഹരികളുണ്ടാകും.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഹോസ്‌പിറ്റലുകള്‍ക്കും മറ്റും സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ സേവനങ്ങളാണ് സാഗിലിറ്റി ഇന്ത്യ നല്‍കുന്നത്. 2024 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 35,044 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 228.27 കോടി രൂപയാണ് സാഗിലിറ്റി ഇന്ത്യ കൈവരിച്ച ലാഭം. മുന്‍വര്‍ഷം ലാഭം 143.57 കോടി രൂപയായിരുന്നു. 50 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്.
പ്രവര്‍ത്തന വരുമാനത്തില്‍ 12.7 ശതമാനം വളര്‍ച്ചയുണ്ടായി. വരുമാനം 4218.41 കോടി രൂപയില്‍ നിന്നും 4753.56 കോടി രൂപയായി വളര്‍ന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 22,29 കോടി രൂപയും വരുമാനം 1223.33 കോടി രൂപയുമാണ്.