
ന്യൂഡല്‍ഹി: ആഗോള പ്രധാന്യമുള്ള കറന്‍സിയായി പരിണമിക്കാന്‍ ഇന്ത്യന്‍ രൂപയ്ക്ക് സാധിക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പ് (ഐഡിജി). ഇന്ത്യ സാമ്പത്തികമായി ഉയരുന്നതോടെയാണിത്. ആഗോള തലത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലും സാമ്പത്തികവളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കായെന്ന് ഐഡിജി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രത്യേകിച്ചും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഫലമായി, ചരക്ക് വിലകള്‍ മാനം മുട്ടിയ പശ്ചാത്തലത്തില്‍. ഡോളര്‍ രൂപയ്‌ക്കെതിരെകുതിച്ചുയരുന്നതിനും ഈ കാലയളവ് സാക്ഷിയായി. അതേസമയം രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുകയും അതില്‍ പുരോഗതി കൈവരിക്കുകയും ചെയ്തു.
ആഗോള കറന്‍സിയായി രൂപയെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണ് ആര്‍ബിഐയെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാത വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഊര്‍ജ്ജസ്വലമായ മനോഭാവവും ഇത് പ്രായോഗികമാക്കുന്നു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി രാജ്യം ഉയര്‍ന്നുവരുമ്പോള്‍, രൂപ അന്താരാഷ്ട്ര കറന്‍സിയായി മാറാനുള്ള സാധ്യത ഏറെയാണ്.
ഉഭയകക്ഷി കരാറുകള്‍ സൃഷ്ടിക്കുന്നതിലൂടെ രൂപയിലുള്ള വ്യാപാരത്തിന് ആര്‍ബിഐ ശ്രമിക്കുന്നു. പൂര്‍ണ്ണമായി വിജയം എന്ന് പറയാനാകില്ലെങ്കിലും ഇക്കാര്യത്തില്‍ വലിയ പുരോഗതി ദൃശ്യമായിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ അര്‍പ്പണബോധത്തെയാണ് ഇത് കാണിക്കുന്നത്.
സാമ്പത്തിക വളര്‍ച്ച തുടരുകയും ആഗോള തലത്തില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്യുന്നതിനാല്‍ രൂപ അധികം താമസിയാതെ അന്താരാഷ്ട്ര കറന്‍സിയാകും, റിപ്പോര്‍ട്ട് പറഞ്ഞു.