
കോട്ടയം: സംസ്ഥാനത്ത് റബർവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 200 രൂപ കടന്നു. ആർഎസ്എസ്-4ന് കൊച്ചി, കോട്ടയം വില കിലോയ്ക്ക് 200.50 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ ആദ്യവാരം കിലോയ്ക്ക് 207 രൂപവരെ എത്തിയശേഷം പിന്നീട് വില താഴേക്കിറങ്ങിയിരുന്നു.
വിപണിയിലേക്ക് പുതിയ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വില വർധിക്കാൻ പ്രധാന കാരണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി പറഞ്ഞു. റെയിൻഗാർഡ് സ്ഥാപിച്ച തോട്ടങ്ങളിൽപ്പോലും മഴക്കെടുതി മൂലം ടാപ്പിങ് സജീവമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വില ഇനിയും കൂടിയേക്കാമെന്ന പ്രതീക്ഷമൂലം കൈവശമുള്ള സ്റ്റോക്ക് വിപണിയിലിറക്കാതെ വയ്ക്കുന്നതും വില കൂടാനിടയാക്കുന്നുണ്ട്.
ഇറാൻ-ഇസ്രയേൽ സംഘർഷ പശ്ചാത്തലത്തിൽ ചരക്കുനീക്ക കൂലി, ഇൻഷുറൻസ് തുകകളിലെ വർധന, ക്രൂഡ് ഓയിൽ വിലക്കുതിപ്പ് തുടങ്ങിയവയും റബർ വിലയെ സ്വാധീനിക്കുന്നു. ആഗോളതലത്തിൽതന്നെ സ്റ്റോക്ക് വരവ് കുറയുമെന്ന ആശങ്കയും വിലയെ മുന്നോട്ട് നയിക്കുന്നു.
അതേസമയം, രാജ്യാന്തര റബർ വില കേരളത്തിലെ വിലയെ അപേക്ഷിച്ച് കുറഞ്ഞ നിലവാരത്തിലാണുള്ളത്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് 196 രൂപയാണെന്ന് റബർ ബോർഡിന്റെ കണക്ക് വ്യക്തമാക്കി.
ചൈനയിൽ നിന്ന് പ്രതീക്ഷിച്ച ഡിമാൻഡ് കിട്ടാത്തത് രാജ്യാന്തര റബർവിലയെ താഴ്ത്തി.