
മുംബൈ: റിലയന്‍സ് ഇന്റലിജന്‍സ് എന്ന പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള യൂണിറ്റ് ആരംഭിച്ചിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍). മെറ്റയുടേയും ഗൂഗിളിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) വികാസം ലക്ഷ്യമിടുന്നു. ചെയര്‍മാനായ മുകേഷ് അംബാനിയുടെ അഭിലാഷത്തിനനുസൃതമായി ടെലികോം,ഊര്‍ജ്ജ പ്രമുഖരുടെ ഭാഗത്തുനിന്നും ഒരു ‘ഡീപ് ടെക്ക് സ്ഥാപനം’ ആവിര്‍ഭവിച്ചിരിക്കയാണ്.
ജാംനഗറില്‍ ഗിഗാവാട്ട്-സ്‌കെയില്‍ എഐ റെഡി ഡാറ്റാ സെന്ററുകള്‍, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുമായും ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റികളുമായും സഖ്യങ്ങള്‍ ,വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറുകിട ബിസിനസ് മേഖലകളിലുടനീളം എഐ സേവനങ്ങള്‍ വ്യാപിപ്പിക്കുക, ലോകോത്തര എഐ പ്രതിഭകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നിങ്ങനെ നാല് ദൗത്യങ്ങളാണ് കമ്പനിയ്ക്ക് മുന്നിലുള്ളത്.
ഇതിനായി ഇവര്‍ സിലിക്കണ്‍ വാലിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഗൂഗിളുമായി തങ്ങള്‍ ‘ആഴമേറിയതും സമഗ്രവുമായ’ പങ്കാളിത്തം സ്ഥാപിച്ചതായി മുകേഷ് അംബാനി പറഞ്ഞു. “ഇന്ത്യയിലെ എഐ അവസരങ്ങള്‍ വളരെ വലുതാണ്. വലിയ സംരഭങ്ങള്‍ മുതല്‍ കിരാന സ്റ്റോറുകള്‍ വരെ ഇത് പരിവര്‍ത്തനം ചെയ്യും. ഇതിനായി ഗൂഗിളുമായി ചേര്‍ന്ന് ജാംനഗര്‍ ക്ലൗഡ് മേഖല ഞങ്ങള്‍ സ്ഥാപിക്കുകയാണ്.” കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ (എജിഎം) സംസാരിക്കവേ അംബാനി പറഞ്ഞു.
ഇന്ത്യന്‍ ബിസിനസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ സോവറിന്‍, എന്റര്‍പ്രൈസ്-റെഡി എഐ പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നതിനായി മെറ്റയുമായും റിലയന്‍സ് കൈകോര്‍ക്കുന്നുണ്ട്. പങ്കാളിത്തം മെറ്റയുടെ ഓപ്പണ്‍ സോഴ്സ് ലാമ മോഡലുകളെ ഊര്‍ജ്ജം, ടെലികോം, റീട്ടെയില്‍, നിര്‍മ്മാണം എന്നിവയിലുടനീളം സംയോജിപ്പിക്കും. ഇന്ത്യയിലെ എല്ലാവര്‍ക്കും എഐയിലേയ്ക്കും സൂപ്പര്‍ ഇന്റലിജന്റ്‌സിലേയ്ക്കും പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.