
ന്യൂഡല്‍ഹി: വാഹന റീട്ടെയില്‍ വില്‍പ്പന, ജൂലൈയില്‍ 10 ശതമാനം ഉയര്‍ന്നു.ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടന, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) അറിയിച്ചതാണിത്. പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
മൊത്തം ചില്ലറ വില്‍പ്പന കഴിഞ്ഞ മാസം 17,70,181 യൂണിറ്റായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ 16,09,217 യൂണിറ്റായിരുന്നു വില്‍പ്പന. പാസഞ്ചര്‍ വാഹന ചില്ലറ വില്‍പ്പന 2022 ജൂലൈയിലെ 2,73,055 യൂണിറ്റില്‍ നിന്ന് 4.03 ശതമാനം ഉയര്‍ന്ന് 2,84,064 യൂണിറ്റായപ്പോള്‍ ഇരുചക്ര വാഹന വില്‍പ്പന 1228139 യൂണിറ്റായി വര്‍ദ്ധിച്ചു.
മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 8.15 ശതമാനം ഉയര്‍ച്ചയാണ് ഇരുചക്ര വാഹന റീട്ടെയില്‍ വില്‍പ്പനയിലുണ്ടായത്. മുച്ചക്ര വാഹന വില്‍പ്പന 74.35 ശതമാനം വളര്‍ച്ചയും ട്രാക്ടര്‍ വില്‍പന 21.06 ശതമാനം വളര്‍ച്ചയും കുറിച്ചിട്ടുണ്ട്. മുച്ചക്ര വാഹന വില്‍പ്പന കഴിഞ്ഞവര്‍ഷം ജൂലൈയിലെ 54,000 യൂണിറ്റില്‍ നിന്നും 64148 യൂണിറ്റുകളായാണ് കൂടിയത്.
മൊത്തം വാണിജ്യ വാഹന വില്‍പ്പന 90765 യൂണിറ്റുകളാണ്.മുന്‍വര്‍ഷത്തെ ജൂലൈയിലിത് 74977 യൂണിറ്റുകളായിരുന്നു. അതേസമയം തൊട്ടുമുന്‍മാസത്തെ അപേക്ഷിച്ച് വില്‍പ്പന കുറവാണ്.
ഇത് ഹ്രസ്വകാല മാന്ദ്യത്തെ സൂചിപ്പിക്കുന്നതായി ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറയുന്നു.