
- ഉപഭോക്താക്കൾക്ക് സ്വർണവും വെള്ളിയും സ്വയംസാക്ഷ്യപ്പെടുത്തി വായ്പയെടുക്കാം
മുംബൈ: കാർഷിക, ചെറുകിട സംരംഭ (എംഎസ്എംഇ) മൂലധന ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് സ്വർണവും വെള്ളിയും സ്വയംസാക്ഷ്യപ്പെടുത്തി വായ്പയെടുക്കാമെന്ന് റിസർവ് ബാങ്ക്.
ഇതു സംബന്ധിച്ച് ആശയക്കുഴപ്പം ശക്തമായിരിക്കേയാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം കൃഷി, എംഎസ്എംഇ ആവശ്യങ്ങൾക്കായി ഈടില്ലാതെ 2 ലക്ഷം രൂപവരെ വായ്പ നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.
1.6 ലക്ഷം രൂപയായിരുന്ന പരിധിയാണ് രണ്ടുലക്ഷം രൂപയാക്കിയത്. എന്നാൽ, അതിനുശേഷവും ചില ബാങ്കുകൾ ഇതേപരിധിയിലുള്ള വായ്പകൾക്ക് സ്വർണവും വെള്ളിയും ഈടായി സ്വീകരിച്ചിരുന്നു. ഉപഭോക്താക്കൾ സ്വയംസാക്ഷ്യപ്പെടുത്തി നൽകിയ സ്വർണവും വെള്ളിയുമാണ് ഇത്തരത്തിൽ സ്വീകരിച്ചത്. ഇതു ചട്ടവിരുദ്ധമാണെന്ന ആശയക്കുഴപ്പം ഉയരുകയും ചെയ്തു.
ചില ബാങ്കുകൾ ചട്ടവിരുദ്ധമാകുമെന്ന് സൂചിപ്പിച്ച് ഈടു സ്വീകരിക്കാനും മടിച്ചു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. ഉപഭോക്താക്കള്‍ സ്വയംസാക്ഷ്യപ്പെടുത്തിയ ഈടു സ്വീകരിക്കുന്നത് ചട്ടവിരുദ്ധമല്ലെന്നും എന്നാൽ, മുൻഗണനാ ശ്രേണിയിലെ ഈടുരഹിത-വായ്പാച്ചട്ടം പാലിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും നോട്ടിഫിക്കേഷനിൽ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
സ്വർണപ്പണയ വായ്പാച്ചട്ടം സംബന്ധിച്ച റിസർവ് ബാങ്കിന്റെ വിശദീകരണം ബാങ്കുകൾക്കും ഇടപാടുകാർക്കും ഒരുപോലെ ആശ്വാസമാണ്. ഈടായി സ്വർണവും വെള്ളിയും നൽകുന്നത് വായ്പാലഭ്യത എളുപ്പമാക്കും. ബാങ്കുകൾക്കും ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് ഉടനടി വായ്പാ അനുമതി നൽകാനും കഴിയും.
ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീൺ ബാങ്കുകൾ ചെറു ബാങ്കുകൾ (സ്മോൾ ഫിനാൻസ് ബാങ്കുകൾ), സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് ഈ ചട്ടം ബാധകമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.