
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങള്‍ മറികടക്കാൻ സുരക്ഷിതത്വം തേടി റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നു. സെപ്തംബർ 26ന് അവസാനിച്ച വാരത്തില്‍ റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 223.8 കോടി ഡോളർ വർദ്ധിച്ച് 9,501.7 കോടി ഡോളറായി. രാജ്യാന്തര വിപണിയില്‍ വില റെക്കാഡുകള്‍ പുതുക്കി കുതിക്കുന്നതും സ്വർണത്തിന്റെ മൂല്യം കൂട്ടി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ശേഖരം 890 ടണ്ണാണ്.
ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്താണ് റിസർവ് ബാങ്ക് 2010 മുതല്‍ വിപണിയില്‍ നിന്ന് വലിയ തോതില്‍ സ്വർണം വാങ്ങാൻ തുടങ്ങിയത്. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്.
നടപ്പുവർഷം ഇതുവരെ നാല് ടണ്‍ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. ജനുവരിയില്‍ 2.8 ടണ്ണും മാർച്ചില്‍ 0.6 ടണ്ണും ജൂണില്‍ 0.4 ടണ്ണും സ്വർണം വാങ്ങി. കഴിഞ്ഞ വർഷം 72.6 ടണ്‍ സ്വർണം ഇന്ത്യ വിദേശ നാണയ ശേഖരത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. ഇക്കാലയളവില്‍ പോളണ്ട് 89.5 ടണ്ണും ടർക്കി 77.4 ടണ്ണും സ്വർണം വിപണിയില്‍ നിന്ന് വാങ്ങി.
ചരിത്രത്തില്‍ ഇതുവരെ ഖനനം ചെയ്ത സ്വർണത്തില്‍ അഞ്ചില്‍ ഒന്ന് ഭാഗവും വിവിധ കേന്ദ്ര ബാങ്കുകളുടെ കൈവശമാണ്. ജൂലായ് വരെയുള്ള കണക്കുകളനുസരിച്ച് കേന്ദ്ര ബാങ്കുകളുടെ മൊത്തം സ്വർണ ശേഖരം 36,359 ടണ്ണാണ്.
ഉയർന്ന ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 8133.5 ടണ്‍ സ്വർണവുമായി അമേരിക്കയാണ് ഒന്നാമത്. ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നിവയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഐ.എം.എഫിന്റെ കൈവശം 2,814 ടണ്‍ സ്വർണമുണ്ട്. അമേരിക്കൻ ഡോളറിലും ബോണ്ടുകളിലും വിശ്വാസം കുറഞ്ഞതാണ് സ്വർണത്തിലേക്ക് മാറാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
ഉയർന്ന ശേഖരമുള്ള കേന്ദ്ര ബാങ്കുകള്‍
അമേരിക്ക 8.133.5 ടണ്‍
ജർമ്മനി 3,350.3 ടണ്‍
ഐ.എം.എഫ് 2,814 ടണ്‍
ഇറ്റലി 2,451 ടണ്‍
സ്വിറ്റ്സർലൻഡ് 1,039.9 ടണ്‍
ഇന്ത്യ 880 ടണ്‍
ജപ്പാൻ 846 ടണ്‍
ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം – 8.37 ലക്ഷം കോടി രൂപ
സ്വർണത്തിന്റെ കരുത്ത് – സുരക്ഷിതത്വം, പണലഭ്യത, മികച്ച മൂല്യവർദ്ധന