
നേരത്തെ നിശ്ചയിച്ചിരുന്നത് പ്രകാരം ഈ വർഷം ജിയോ ഐ.പി.ഒ നടത്തേണ്ടതില്ലെന്ന് കമ്പനിയുടെ തീരുമാനം. ഇന്ത്യ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.ഒ ഇതോടെ ഉടൻ നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
മുകേഷ് അംബാനിയുടെ കമ്പനി ഈ വർഷം പകുതിയോടെ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പന നടത്താനൊരുങ്ങിയിരുന്നു.
നേരത്തെയുള്ള പ്ലാൻ
റിലയൻസിന്റെ ടെലികോം കമ്പനിയായ ജിയോ ഏകദേശം 35,000 – 40,000 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങിയത്.
ഈ വർഷം പകുതിയോടെ ഐ.പി.ഒ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഒരു കമ്പനി ഐ.പി.ഒ നടത്താൻ ഒരുങ്ങിയത്. അതു കൊണ്ടു തന്നെ വലിയ നിക്ഷേപ ശ്രദ്ധയും ഈ നീക്കത്തിന് ലഭിച്ചിരുന്നു.
2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സമാഹരിച്ച തുകയേക്കാൾ കൂടുതൽ ധന സമാഹരണം നടത്തി രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഹ്യുണ്ടായ് ഇന്ത്യയുടെ 27,870 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയാണ് രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഐ.പി.ഒ. പ്രാഥമിക ഓഹരി വില്പന നടക്കുന്നതിലൂടെ ജിയോയുടെ വിപണി മൂല്യം 120 ബില്യൺ ഡോളറുകളായി (ഏകദേശം 10 ലക്ഷം കോടി രൂപ) ഉയരുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
തീരുമാനത്തിന് പിന്നിൽ
അതേ സമയം പിടിച്ചതിലും വലുത് വരാനിരിക്കുന്നത് എന്ന നിലയിലാണ് ജിയോ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. തങ്ങളുടെ ടെലികോം ബിസിനസിന് ഉയർന്ന വരുമാനവും, കൂടിയ സബ്സ്ക്രൈബർ ബേസും കമ്പനി ലക്ഷ്യമിടുന്നു.
മറ്റ് ഡിജിറ്റൽ ബിസനസുകൾ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇത്തരത്തിൽ വാല്യുവേഷൻ ഉയർന്നതിന് ശേഷം പ്രാഥമിക ഓഹരി വില്പനയിലേക്ക് കടന്നാൽ മതിയെന്നാണ് ജിയോ തീരുമാനിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ജിയോ – വാല്യുവേഷൻ
അനലിസ്റ്റുകൾ റിലയൻസ് ജിയോയ്ക്ക് 100 ബില്യൺ ഡോളറിലധികമാണ് വാല്യുവേഷൻ കണക്കാക്കുന്നത്. അതേ സമയം ഐ.പി.ഒ നടത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ജിയോ ഇതുവരെ ചർച്ചകൾ ആരംഭിച്ചിട്ടില്ല.
ബിസിനസ് കൂടുതൽ മെച്യൂരിറ്റി കൈവരിച്ചതിന് ശേഷം ഓഹരി വിപണിയിലേക്ക് ഇറങ്ങാനാണ് റിലയൻസിന്റെ പുതിയ തീരുമാനം.
അതേ സമയം റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ 80 ശതമാനവും (17.6 ബില്യൺ ഡോളർ) നേടിയത് ടെലികോം ബിസിനസിൽ നിന്നാണ്.
അതേ സമയം മറ്റ് ആപ്ലിക്കേഷനുകൾ, കണക്ട് ഡിവൈസുകൾ, എ.ഐ സൊല്യൂഷനുകൾ എന്നിവ വികസനത്തിലാണ് മുകേഷ് അംബാനി ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.