എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 22,290 കോടി രൂപയിലെത്തി

മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തില്‍ 10 ശതമാനത്തിന്റെ ഗണ്യമായ വളര്‍ച്ചയാണ് റിലയന്‍സ് രേഖപ്പെടുത്തിയത്. ഒ2സി (ഓയില്‍ ടു കെമിക്കല്‍സ്), ജിയോ വിഭാഗങ്ങള്‍ വളര്‍ച്ചയ്ക്ക് കരുത്തേകിയെന്ന് കമ്പനി വ്യക്തമാക്കി.

293,829 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കമ്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ഏകീകത അറ്റാദായമാകട്ടെ 22,290 കോടി രൂപയും.

മൂന്നാം പാദത്തില്‍ റിലയന്‍സ് നടത്തിയ 33,826 കോടി രൂപയുടെ മൂലധനച്ചെലവ്, തങ്ങളുടെ 41,303 കോടി രൂപയുടെ ക്യാഷ് പ്രോഫിറ്റിലൂടെ തന്നെ കണ്ടെത്താന്‍ സാധിച്ചു എന്നത് കമ്പനിയുടെ ആഭ്യന്തര സാമ്പത്തിക കരുത്തിനെയാണ് കാട്ടുന്നത്. ജിയോ, റീട്ടെയില്‍ വിപുലീകരണങ്ങള്‍ക്കും നവഊര്‍ജ പദ്ധതികള്‍ക്കുമായാണ് ഈ വലിയ നിക്ഷേപം നടത്തിയത്. കടബാധ്യതകള്‍ നിയന്ത്രിക്കുന്നതിലും കമ്പനി വിജയിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ 118,545 കോടി രൂപയായിരുന്ന അറ്റകടം ഡിസംബര്‍ അവസാനത്തോടെ 117,102 കോടി രൂപയായി കുറഞ്ഞു.

കുതിപ്പേകി ജിയോ
മൂലധന നിക്ഷേപങ്ങളെ വരുമാനമാക്കി മാറ്റുന്നതില്‍ ജിയോ പ്ലാറ്റ്ഫോംസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 5ജി സേവനങ്ങളുടെ വ്യാപനവും വര്‍ദ്ധിച്ചുവരുന്ന വരിക്കാരുടെ എണ്ണവും ജിയോയുടെ ലാഭക്ഷമത വര്‍ദ്ധിപ്പിച്ചു. ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 12.7% വളര്‍ച്ചയോടെ 43,683 കോടി രൂപയിലെത്തി.

മൂന്നാം പാദത്തില്‍ മാത്രം 8.9 ദശലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ട്രൂ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 25.3 കോടിയായി. മൊത്തം വയര്‍ലെസ് ഡാറ്റാ ട്രാഫിക്കിന്റെ 53 ശതമാനവും 5ജി ശൃംഖലയിലൂടെയാണ് നടക്കുന്നത്.

ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനായി 35,100 രൂപ മൂല്യമുള്ള ജെമിനി പ്രോ പ്ലാന്‍ സൗജന്യമായി നല്‍കുന്നതുള്‍പ്പെടെയുള്ള വിപണന തന്ത്രങ്ങള്‍ ജിയോ പരീക്ഷിച്ചിരുന്നു. കൂടാതെ ജിയോ ഹോം ഉപഭോക്താക്കള്‍ക്കായി യൂട്യൂബ് പ്രീമിയം സേവനവും അവതരിപ്പിച്ചു. ജിയോ എയര്‍ഫൈബര്‍ വരിക്കാരുടെ എണ്ണം 1.15 കോടി പിന്നിട്ടു.

റിലയന്‍സ് റീട്ടെയിലിനെ സംബന്ധിച്ചിടത്തോളം വരുമാനത്തില്‍ 8.1% വളര്‍ച്ചയുണ്ടായി. 97,605 കോടി രൂപയാണ് വരുമാനം. 431 പുതിയ സ്റ്റോറുകള്‍ കൂടി ചേര്‍ത്തതോടെ കമ്പനിയുടെ പ്രവര്‍ത്തന വിസ്തൃതി 78.1 ദശലക്ഷം ചതുരശ്ര അടിയിലെത്തി.

ഒരു പാദത്തില്‍ 500 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടന്നു എന്നത് റീട്ടെയില്‍ ശൃംഖലയുടെ വിപുലമായ സ്വാധീനത്തെ കാണിക്കുന്നു. അതേസമയം ജിയോമാര്‍ട്ട് അതിവേഗ വിതരണ ശൃംഖല എന്ന നിലയില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. പ്രതിദിന ഓര്‍ഡറുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 360 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ പ്രതിദിനം 1.6 ദശലക്ഷം ഓര്‍ഡറുകള്‍ ജിയോമാര്‍ട്ട് കൈകാര്യം ചെയ്യുന്നു.

ഉപഭോക്തൃ വിപണിയിലെ ഈ ശക്തമായ സാന്നിധ്യം റിലയന്‍സിന്റെ പാരമ്പര്യ വ്യവസായങ്ങളിലെ വരുമാന മാറ്റങ്ങളെ ബാലന്‍സ് ചെയ്യാന്‍ കമ്പനിയെ സഹായിക്കുന്നു. റിലയന്‍സിന്റെ നട്ടെല്ലായ ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗം ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കിടയിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. 8.4% വരുമാന വളര്‍ച്ചയോടെ 162,095 കോടി രൂപ ഈ വിഭാഗം നേടി. ഉല്‍പ്പാദനക്ഷമതയിലുണ്ടായ 1.7 ശതമാനം വര്‍ദ്ധനവ് ഇതിന് കരുത്തേകി.

ജിയോയുടെ വരിക്കാരുടെ വര്‍ദ്ധനവും റീട്ടെയില്‍ വിപുലീകരണവും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണെന്ന് വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന മൂലധനച്ചെലവ് നിലനില്‍ക്കുമ്പോഴും കടബാധ്യത കുറയ്ക്കാന്‍ സാധിച്ചത് റിലയന്‍സിന്റെ മാനേജ്മെന്റ് മികവിനെയാണ് സൂചിപ്പിക്കുന്നത്.

X
Top