
റഷ്യയുടെ യുറല്‍സ് ക്രൂഡ് ഓയില്‍ ഇന്ത്യ 80% വാങ്ങിയിട്ടുണ്ടെന്നും, രണ്ട് സ്വകാര്യ റിഫൈനറികള്‍ ഈ ഇന്ധനം കൂടുതല്‍ വാങ്ങുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന യുറല്‍സ് ക്രൂഡിന്റെ 45% വാങ്ങുകയും ചെയ്യുന്നു. ഇന്ത്യ ഈ വര്‍ഷം 231 ദശലക്ഷം ബാരല്‍ യുറല്‍സ് ക്രൂഡ് വാങ്ങിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ല്‍ റിലയന്‍സ്, നയാര കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഏറ്റവും വലിയ റഷ്യന്‍ എണ്ണ വാങ്ങുന്ന കമ്പനിയായി റിലയന്‍സ് ഗ്രൂപ്പ് മാറിയിരിക്കുന്നു. 2025 ല്‍ 77 ദശലക്ഷം ബാരല്‍ യുറല്‍സ് ക്രൂഡ് ഓയിലാണ് കമ്പനി വാങ്ങിയത്.
ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ്, 2024 ഡിസംബറില്‍ റോസ്‌നെഫ്റ്റുമായി പ്രതിദിനം 500,000 ബാരല്‍ ക്രൂഡ് ഓയിലിന് (ബിപിഡി) പത്ത് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് പ്രതിവര്‍ഷം ഏകദേശം 13 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നു.
അതുകൊണ്ടുതന്നെ ഇത് റഷ്യയും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ ഊര്‍ജ്ജ കരാറായി മാറുകയും ചെയ്യുന്നു.
നയാരയ്ക്ക് ഭാഗികമായി റഷ്യന്‍ ഉടമസ്ഥാവകാശമുണ്ട്. 2017 ല്‍, റോസ്‌നെഫ്റ്റ് ഗ്രൂപ്പ് എസ്സാര്‍ ഓയിലിന്റെ 98% ഓഹരികള്‍ 12.9 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ഒരു കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കി.
പിന്നീട് കമ്പനിയെ നയാര എനര്‍ജി എന്ന പേരില്‍ പുനഃക്രമീകരിച്ചു, 49.13% ഓഹരി റോസ്‌നെഫ്റ്റ് നിലനിര്‍ത്തി. അതിന്റെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 72% റഷ്യന്‍ ക്രൂഡ് ഓയിലായിരുന്നു.
2022-ല്‍ യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് റഷ്യ. മെയ് മാസത്തില്‍, ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 1.8 ദശലക്ഷം ബാരലിലെത്തി, പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത് എന്ന് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് കാരണമെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു.