പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ചൈനീസ് നിക്ഷേപ നിയന്ത്രണം നീക്കാന്‍ ശിപാര്‍ശ

ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുകയോ ഇളവ് നല്‍കുകയോ വേണമെന്ന് നിതി ആയോഗ് അംഗം രാജീവ് ഗൗബ തലവനായ സമിതിയാണ് കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്.

നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ഡിസംബര്‍ 31നകം തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ട്രേഡാണ് (ഡി.പി.ഐ.ഐ.ടി) വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ നിരവധി ചൈനീസ് കമ്പനികളുടെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമായും രണ്ട് നിര്‍ദ്ദേശങ്ങളാണ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഒന്ന് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക.

ഇന്ത്യന്‍ കമ്പനികളില്‍ 10 ശതമാനത്തിന് മുകളില്‍ ഉടമസ്ഥാവകാശം വരാത്ത രീതിയിലുള്ള ചൈനീസ് നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ ചൈനയടക്കം ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം അനുവദിക്കാവുന്നതാണെന്നും സമിതിയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്.

നേരത്തെയും സമാനമായ നിര്‍ദ്ദേശങ്ങള്‍ നിതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇന്ത്യന്‍ കമ്പനികളില്‍ 24 ശതമാനം വരെ നിക്ഷേപം നടത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ നിതി ആയോഗ് ശിപാര്‍ശ നല്‍കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളും വിമാന സര്‍വീസും പുനരാരംഭിച്ചതോടെയാണ് നിക്ഷേപ നിയന്ത്രണങ്ങളും നീക്കുമെന്ന ചര്‍ച്ചകള്‍ സജീവമായത്.

2020ല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയത്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനീസ് നിക്ഷേപം സ്വീകരിക്കാന്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

അടുത്തിടെ നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളും ബാറ്ററികളും നിര്‍മിക്കാന്‍ ഒരു ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്നായിരുന്നു ചൈനീസ് കാര്‍ കമ്പനിയായ ബി.വൈ.ഡിയുടെ ഓഫര്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല.

X
Top