
തിരുവനന്തപുരം: വീട്ടമ്മമാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ സമയ ലാഭവും സൗകര്യവും ഉറപ്പാക്കി വിപണി കീഴടക്കാൻ കുടുംബശ്രീ ‘റെഡി ടു കുക്ക്’ വിഭാഗത്തിൽ ചിക്കൻ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ചിക്കൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചിക്കൻ കറി, ചിക്കൻ റോസ്റ്റ്, ചിക്കൻ സ്റ്റ്യൂ എന്നിവ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഉൾപ്പെടുത്തിയ പായ്ക്കറ്റുകളാണ് കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്യുക. വൃത്തിയാക്കിയ ചിക്കനും പ്രകൃതിദത്ത ചേരുവകളും അടങ്ങിയ കിറ്റുകളാണിവ. കുറഞ്ഞ സമയം കൊണ്ട് പാചകം പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് ഉത്പന്നങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്പന്നങ്ങൾക്ക് ആവശ്യമായ ചിക്കൻ കുടുംബശ്രീയുടെ കീഴിലുള്ള ഫാമുകളിൽ നിന്നാണ് ശേഖരിക്കുന്നത്. ഇതുവഴി വിഷരഹിതമായ ഇറച്ചിയും ഗുണനിലവാര നിയന്ത്രണവും ഉറപ്പാക്കാനാകും. തയ്യാറാക്കൽ, പായ്ക്കിംഗ്, വിതരണ ഘട്ടങ്ങളിൽ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതായും അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത കുടുംബശ്രീ ഔട്ട്ലെറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഉത്പന്നങ്ങൾ ലഭ്യമാക്കും. ആവശ്യം വർധിക്കുന്നത് അനുസരിച്ച് വിതരണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. വരും മാസങ്ങളിൽ ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾ വഴിയും ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. പദ്ധതിയിലൂടെ അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് സ്ഥിരമായ തൊഴിൽ അവസരങ്ങളും അധിക വരുമാനവും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തിൽ ‘റെഡി ടു കുക്ക്’ ഉത്പന്നങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണ്.






