
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതോടെ ഭവന വായ്പകള്‍ ചെലവേറിയതാകും. വായ്പ പലിശ വര്‍ധിക്കുന്നതോടെയാണ് ഇത്. ഏറ്റവും പുതിയ 35 ബേസിസ് ഉള്‍പ്പെടെ മെയ് മാസം തൊട്ട് 185 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത്.
ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വാണിജ്യബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളിന്മേല്‍ കേന്ദ്രബാങ്ക് ചുമത്തുന്ന നിരക്കാണ് റിപ്പോ. ഭവനവായ്പാ നിരക്ക് മെയ്മാസത്തെ അപേക്ഷിച്ച് 2 ശതമാനം ഉയര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അനുമാന പ്രകാരം, ഇടത്തരം ഭവനവായ്പകളിന്മേല്‍ നിരക്ക് വര്‍ദ്ധനയുടെ ക്യുമുലേറ്റീവ് ആഘാതം ഇപ്പോള്‍ 9-12 ശതമാനം വരെയാണ്. അതായത്, ഹൗസിംഗ് ഡോട്ട് കോം, മക്കാന്‍ ഡോട്ട് കോം സിഇഒ ധ്രുവ് അഗര്‍വാല പറയുന്നതനുസരിച്ച്, ഭവന വായ്പ പലിശ നിരക്ക്, മെയ് മാസത്തിലെ 6.5 ശതമാനത്തില്‍ നിന്ന് ഇതിനോടകം 8.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. (ഇന്ന് പ്രഖ്യാപിച്ച അഞ്ചാം നിരക്ക് വര്‍ദ്ധനവിന് മുമ്പ്).
ഇന്നത്തെ നിരക്ക് വര്‍ദ്ധനയോടെ, വ്യക്തിഗത, കോര്‍പറേറ്റ് വായ്പകള്‍ ചെലവേറിയതാകും. ഇത് സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിക്കും. നിരക്ക് വര്‍ധന വസ്തുവകകളുടെ ക്രയവിക്രയങ്ങളെ ബാധിക്കുമെന്ന് നിരഞ്ജന്‍ ഹിരാനന്ദിനി, ഹിരാനന്ദിനി ഗ്രൂപ്പ് ഓഫ് കമ്പനീസ് സഹ സ്ഥാപകന്‍ പറയുന്നു.
ഇഎംഐ വര്‍ധിക്കുന്നത് ഉള്‍ക്കൊള്ളാന്‍ ഉപഭോക്താവിന് സമയം ആവശ്യമുണ്ട്. നിക്ഷേപം പിന്നീടാകാമെന്ന് കരുതുന്നവരുടെ എണ്ണവും വര്‍ധിക്കും.
വര്‍ധനവ് ഇങ്ങിനെ
സാധാരണഗതിയില്‍, പലിശ നിരക്ക് ഉയരുമ്പോള്‍, ബാങ്കുകള്‍ ആദ്യം വായ്പാ കാലാവധി നീട്ടുകയും പ്രതിമാസ തവണകള്‍ (ഇഎംഐ) തുല്യമാക്കാതിരിക്കുകയും ചെയ്യുന്നു.
ഇതോടെ 15-30 വര്‍ഷത്തെ ദീര്‍ഘകാല കാലയളവ് ഭവനവായ്പ വാങ്ങുന്നവര്‍ക്ക് പലിശ ഗണ്യമായി വര്‍ദ്ധിക്കും. ഉദാഹരണത്തിന്, 7.4 ശതമാനം പലിശ നിരക്കും 30 ലക്ഷം രൂപ കുടിശ്ശികയും 20 വര്‍ഷത്തെ കാലാവധിയുമുള്ള ഒരു ഭവന വായ്പ, 24 വര്‍ഷത്തിലധികമായി നീളും, വിദഗ്ധര്‍ പറയുന്നു. അതോടെ വായ്പവാങ്ങിയ ആളുടെ മേലുള്ള ബാധ്യതയും വര്‍ധിക്കും.
ഫ്ളോട്ടിംഗ് റേറ്റായതിനാല്‍, ദൈര്‍ഘ്യമേറിയ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.മാത്രമല്ല, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന സംഭവിക്കുന്ന മുറയ്ക്ക് ബാധ്യതകളും വര്‍ധിക്കും.
എങ്ങനെ പ്രതിരോധിക്കാം
വര്‍ദ്ധിക്കുന്ന പലിശ നിരക്ക് പരിതസ്ഥിതിയില്‍, ഭവന വായ്പ തിരിച്ചടവ് തന്ത്രത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭവനവായ്പകള്‍ പോലുള്ള ദീര്‍ഘകാല വായ്പകള്‍ പ്രീപേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന പലിശ ചെലവ് ലാഭിക്കാന്‍ പ്രീപേയ്മെന്റുകള്‍ നടത്തുന്നതായിരിക്കും അഭികാമ്യം.
ഇതിനായി നിക്ഷേപങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധര്‍ ഉപദേശിച്ചു. ഒറ്റ തീര്‍ക്കല്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇഎംഐ(മാസയടവ്) 5-10 ശതമാനം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ ഓരോ വര്‍ഷവും ഒരു അധിക ഇഎംഐ അടയ്ക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. ഇതിലൂടെ നിരക്ക് വര്‍ദ്ധനയുടെ ആഘാതം കുറയ്ക്കാമെന്നും അവര്‍ പറഞ്ഞു.
‘ ലോണ്‍ റീഫിനാന്‍സ് ചെയ്യുന്നതും പരിഗണിക്കാം,’ ആദില്‍ ഷെട്ടി, ബാങ്ക് ബസാര്‍ ഡോട്ട് കോം സിഇഒ പറഞ്ഞു. ഉദാഹരണത്തിന്, ഇപ്പോള്‍ റിപ്പോ നിരക്ക് 5.40 ശതമാനമായതിനാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഭവനവായ്പയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 7.90 മുതല്‍ 8.15 ശതമാനം വരെയാണ്. നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിട്ടും നിങ്ങള്‍ കൂടുതല്‍ പണമടയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ വായ്പക്കാരനോട് അതിനെക്കുറിച്ച് സംസാരിക്കുകയും കുറഞ്ഞ നിരക്കില്‍ ലോണ്‍ റീഫിനാന്‍സ് ചെയ്യുകയും ചെയ്യാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.