
ന്യൂഡല്‍ഹി: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വ്യാപനം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) തായ്ലന്‍ഡ്, ശ്രീലങ്ക, രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. സംഭാഷണങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസും (യുപിഐ), സിംഗപ്പൂരിലെ തത്തുല്യ ശൃംഖലയായ പേനൗവും തമ്മില്‍ ബന്ധിപ്പിക്കാന്‍ നേരത്തെ ആര്‍ബിഐയ്ക്കായിരുന്നു.
സമാനമായ ക്രമീകരണമാണ് മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായും ലക്ഷ്യമിടുന്നത്. ഇത് വഴി കുറഞ്ഞ ചെലവിലുള്ള ഫണ്ട് കൈമാറ്റം സാധ്യമാക്കാമെന്ന് കേന്ദ്രബാങ്ക് കരുതുന്നു. ഇന്ത്യയിലേയ്ക്കും തിരിച്ചും കുറഞ്ഞ ചെലവില്‍ പണം കൈമാറാം.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനമാണ്.ഉപഭോക്താവ് സൃഷ്ടിക്കുന്ന വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തല്‍ക്ഷണം തത്സമയ പേയ്‌മെന്റുകള്‍ നടത്താന്‍ ഇതു വഴി സാധിക്കും. പണമടയ്ക്കുന്നയാള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പങ്കിടേണ്ട ആവശ്യമില്ല.
വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും (P2P), വ്യക്തിയില്‍ നിന്ന് വ്യാപാരിയി (P2M)ലേയ്ക്കുമുള്ള പേയ്‌മെന്റുകളാണ് യുപിഐ സാധ്യമാക്കുന്നത്.






