
ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷൻ രീതികളെങ്കിലും ഇടപാടുകളിൽ നിർബന്ധമാക്കും.
നിലവിൽ വൺ ടൈം പാസ്‌വേഡ് മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരമായി കൂടുതൽ ശക്തമായ സംവിധാനങ്ങളാണ് വരുന്നത്. ബാങ്കുകൾ, കാർഡ് നെറ്റ്‌വർക്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവ ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന ഓതന്റിക്കേഷൻ ഓപ്ഷനുകൾ നൽകണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായതോടെ ഒടിപി ചോർത്തിയും മറ്റും നടത്തുന്ന സൈബർ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് ആർബിഐയുടെ ഈ കർശന നിലപാട്. സിം സ്വാപ്പിങ്, ഫിഷിങ്, സോഷ്യൽ എൻജിനീയറിങ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒടിപി തട്ടിപ്പുകൾ പതിവാകുന്നത് തടയാൻ പുതിയ സുരക്ഷാ പാളികൾ സഹായിക്കും.
വെറും ഒടിപി അല്ലെങ്കിൽ പാസ്‌വേഡ് കൊണ്ട് മാത്രം ഇനി വലിയ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കില്ല. ഉപയോക്താവിന്റെ പൂർണ്ണമായ അറിവോ സമ്മതമോ ഇല്ലാതെ പണം നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമം നിലവിൽ വരുന്നതോടെ ഏപ്രിൽ 1 മുതൽ ബാങ്ക് അക്കൗണ്ടുകളിലും പേയ്‌മെന്റ് ആപ്പുകളിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉപയോക്താക്കൾ തങ്ങളുടെ ബാങ്കുകൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ബയോമെട്രിക് ഓതന്റിക്കേഷൻ (വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി) പോലുള്ള ആധുനിക സംവിധാനങ്ങൾ സജ്ജമാക്കാൻ തയ്യാറെടുക്കുകയും വേണം.
സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് സുരക്ഷാ രീതികളിലും മാറ്റം വരുത്തുന്നതിലൂടെ സാധാരണക്കാരുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






