
ന്യൂഡല്‍ഹി: 8000 കോടി രൂപയുടെ സോവറിന്‍ ഗ്രീന്‍ബോണ്ടുകള്‍ ജനുവരി 25 നും ഫെബ്രുവരി 9 നും ഇഷ്യു ചെയ്യപ്പെടും.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ജനുവരി 6 ന് അറിയിച്ചതാണിത്. 4000 കോടി രൂപ വീതം മൂല്യമുള്ള 5 വര്‍ഷവും 10 വര്‍ഷവും കാലാവധികളുള്ള ബോണ്ടുകളാണ് ഓരോ ലേലത്തിലും ഉള്‍പ്പെടുത്തുക.
വിജ്ഞാപനം ചെയ്ത തുകയുടെ 5 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) ആവശ്യത്തിനും ബോണ്ടുകള്‍ ഉതകും. ‘റിവൈസ്ഡ് സ്‌കീം ഓഫ് അണ്ടര്‍റൈറ്റിംഗ് കമ്മിറ്റ്മെന്റ് ആന്‍ഡ് ലിക്വിഡിറ്റി സപ്പോര്‍ട്ട്” അനുസരിച്ചാണ് പ്രാഥമിക ഡീലര്‍മാര്‍ ലേലത്തില്‍ അണ്ടര്‍റൈറ്റിംഗ് നടത്തേണ്ടത്.
വായ്പ കലണ്ടറിന്റെ രണ്ടാം പകുതിയില്‍ 16,000 കോടി രൂപയുടെ ഗ്രീന്‍ബോണ്ടുകളാണ് ഇഷ്യുചെയ്യപ്പെടുക. ഈയിനത്തിലെ മൊത്തം കടമെടുപ്പ് 5.92 ലക്ഷം കോടി രൂപയുടേതാണ്. കാര്‍ബണ്‍ തീവ്രത കുറയ്ക്കാന്‍ ഉതകുന്ന വിധം പൊതുമേഖലാ പദ്ധതികളിലാണ് ബോണ്ട് വരുമാനം വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ പറയുന്നു.
ബോണ്ടുകളുടെ ഡിമാന്റ് ഉയരുന്നതിനാല്‍ വായ്പാ ചെലവ് കുറയാന്‍ സാധ്യതയുണ്ട്. സുസ്ഥിര ബോണ്ടിനോടുള്ള ആഭിമുഖ്യവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അനുകൂല മനസ്ഥിതിയും കാരണം ഹരിത ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ഏര്‍പെടുത്തിയാല്‍ മതിയാകും. ഡെന്മാര്‍ക്ക് ഈ വര്‍ഷം 10 വര്‍ഷ ഹരിത ബോണ്ട് ലേലത്തിലൂടെ 760 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
അഞ്ച് ബേസിസ് പോയിന്റ് പ്രീമിയം തുകയാണ് ഇത്. എന്നാല്‍ ഗ്രീന്‍ പ്രീമിയം-വ്യവസായത്തിനുള്ളില്‍ ഗ്രീനിയം എന്നറിയപ്പെടുന്നു-ഒരു ചര്‍ച്ചാവിഷയമാണ്. ഗ്രീന്‍ ബോണ്ടുകള്‍ക്ക് യീല്‍ഡ് സ്‌പ്രെഡ് ഉണ്ടെന്ന് ഈവര്‍ഷം കണ്ടെത്തി. ഇത് പരമ്പരാഗത ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി എട്ട് ബേസിസ് പോയിന്റുകള്‍ കുറവാണ്.






