
മുംബൈ: രൂപയുടെ അന്താരാഷ്ട്ര വ്യാപാരത്തിലെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും, അതിര്‍ത്തി കടന്നുള്ള പണമിടപാടുകളില്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സുപ്രധാനമായ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.
പ്രധാന നടപടികള്‍
അതിര്‍ത്തി കടന്നും രൂപയില്‍ വായ്പകള്‍ അനുവദിക്കും: ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ വായ്പ നല്‍കാന്‍ ഇനി മുതല്‍ അംഗീകൃത ഡീലര്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ടാകും.
അന്താരാഷ്ട്ര വ്യാപാരത്തില്‍ രൂപയുടെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഇത് നിര്‍ണായകമായ ഒരു ചുവടുവെപ്പാണ്.
സുതാര്യമായ റഫറന്‍സ് നിരക്കുകള്‍: രൂപയിലുള്ള പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി, ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളുടെ കറന്‍സികള്‍ക്ക് റഫറന്‍സ് നിരക്കുകള്‍ സ്ഥാപിക്കാന്‍ ആര്‍.ബി.ഐ. തീരുമാനിച്ചു. കറന്‍സിയുടെ വിനിമയ മൂല്യം എത്രയാണെന്ന് വ്യക്തമാക്കുന്ന, എല്ലാവര്‍ക്കും വിശ്വാസയോഗ്യമായ ഒരു അടിസ്ഥാന നിരക്ക് സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇത് രഹസ്യമോ, പെട്ടെന്ന് മാറുന്നതോ അല്ലാത്ത, സുതാര്യമായ ഒരു മാനദണ്ഡമായിരിക്കും.
സ്‌പെഷ്യല്‍ റുപ്പീ വോസ്‌ട്രോ അക്കൗണ്ടുകളുടെ വിപുലമായ ഉപയോഗം: വിദേശ ബാങ്കുകള്‍ക്ക് അവരുടെ എസ്ആര്‍വിഎ ബാലന്‍സുകള്‍ കോര്‍പ്പറേറ്റ് ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാന്‍ അനുമതി നല്‍കും. ഇത് പണലഭ്യത വര്‍ദ്ധിപ്പിക്കുകയും രൂപ അടിസ്ഥാനമാക്കിയുള്ള വ്യാപാര സെറ്റില്‍മെന്റുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.
വിദേശ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കുകളുമായി നിലനിര്‍ത്തുന്ന അക്കൗണ്ടുകളാണ് എസ്.ആര്‍.വി.എ.കള്‍. ഇവ രൂപയില്‍ നേരിട്ടുള്ള വ്യാപാര സെറ്റില്‍മെന്റുകള്‍ക്ക് സൗകര്യമൊരുക്കുന്നു. ഈ നടപടികളിലൂടെ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, പെട്ടെന്നുണ്ടാകുന്ന കറന്‍സി ചാഞ്ചാട്ടങ്ങളില്‍ നിന്നും വിനിമയ നിരക്ക് അപകടസാധ്യതകളില്‍ നിന്നും സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.
രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും രൂപയുടെ ചലനങ്ങള്‍ ആര്‍ബിഐ. സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യാനുസരണം ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. സെപ്റ്റംബര്‍ 26 ലെ കണക്കനുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 700.2 ബില്യണ്‍ ഡോളര്‍ ആണ്. ഇത് 11 മാസത്തിലധികം വേണ്ട ചരക്ക് ഇറക്കുമതിയുടെ ചെലവുകള്‍ വഹിക്കാന്‍ പര്യാപ്തമാണ്.
മൊത്തത്തില്‍, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുന്നുവെന്നും വിദേശ ബാധ്യതകള്‍ എളുപ്പത്തില്‍ നിറവേറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസം ആര്‍ബിഐക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.