
മുംബൈ: വായ്പകളുടെ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.
വായ്പയെടുത്തവര്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവരുടെ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ വായ്പാ സ്ഥാപനങ്ങളെ വിലക്കിയിരുന്നു. എന്നാല്‍ ആര്‍ബിഐ അതിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഏതെങ്കിലും ലോക്കിങ് സംവിധാനം ഉപയോഗിക്കുന്നതിന് മുമ്പ് വായ്പയെടുക്കുന്നവരുടെ മുന്‍കൂര്‍ സമ്മതം നേടേണ്ടതുണ്ട്. ലോക്ക് ചെയ്ത ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ വായ്പാ സ്ഥാപനങ്ങളെ ഇത് വിലക്കുന്നു.
കിട്ടാക്കടമാകുന്ന ചെറിയ വായ്പകള്‍
2024-ല്‍ ഹോം ക്രെഡിറ്റ് ഫിനാന്‍സ് നടത്തിയ ഒരു പഠനമനുസരിച്ച്, ഇന്ത്യയില്‍ ഇലക്ട്രോണിക് സാധനങ്ങളുടെ മൂന്നിലൊന്ന് വായ്പയെടുത്താണ് വാങ്ങുന്നത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് 116 കോടി മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെന്നത് വിപണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ചെറിയ വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ക്രെഡിറ്റ് ബ്യൂറോയായ സിആര്‍ഐഎഫ് ഹൈമാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. ഇത്തരം ഉപഭോക്തൃ വായ്പകളുടെ ഏകദേശം 85% നല്‍കുന്നത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ബജാജ് ഫിനാന്‍സ്, ഡിഎംഐ ഫിനാന്‍സ്, ചോളമണ്ഡലം ഫിനാന്‍സ് തുടങ്ങിയ വലിയ വായ്പാദാതാക്കള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കിയേക്കും. ഇത് തിരിച്ചടവ് മെച്ചപ്പെടുത്താനും സഹായിക്കും.
ഈ നീക്കം നടപ്പിലാക്കിയാല്‍ തിരിച്ചടവ് നിര്‍ബന്ധമാക്കാന്‍ സാങ്കേതികവിദ്യയെ ഒരു ആയുധമായി ഉപയോഗിക്കുന്നതിന് തുല്യമാണിതെന്നാണ് പദ്ധതിക്കെതിരായുള്ളവരുടെ വാദം. കൂടാതെ ഉപഭോക്താവിന്റെ ജീവിതോപാധികള്‍, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നതിനും ഫോണ്‍ ലോക്ക് ചെയ്യപ്പെടുന്നത് വഴിവയ്ക്കും.