
മുംബൈ: പണപ്പെരുപ്പം ഉയര്ന്ന നിലവാരത്തില് തുടരുന്നതിനാല് ഇത്തവണയും റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിച്ചേക്കും. ഒക്ടോബറിലെ പണപ്പെരുപ്പം നവംബറിലെ 7.41ശതമാനത്തില് നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാല് നിരക്കില് 35 ബേസിസ്(0.35%)പോയന്റിന്റെ വര്ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്. അങ്ങനെയെങ്കില് റിപ്പോ 6.25ശതമാനമായി ഉയരും.
മെയില് നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വര്ധനയ്ക്കുശേഷം കഴിഞ്ഞ മൂന്നുതവണയും അരശതമാനം വീതമാണ് റിപ്പോ കൂട്ടിയത്. മൊത്തം 1.90ശതമാനം(190 ബേസിസ് പോയിന്റ്).
രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില് ഉയര്ന്ന് നില്ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്ബിഐ ധനനയം അവതരിപ്പിക്കുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില് കര്ശന നയത്തില് നിന്ന് നേരിയതോതിലെങ്കിലും പിന്നോക്കം പോകുന്നൊണ് വിലയിരുത്തല്.
രണ്ടാം പാദത്തിലെ പണപ്പെരുപ്പവും ജിഡിപി കണക്കുകളും ആര്ബിഐയുടെ അനുമാനത്തിന് അനുസൃതമായിരുന്നുവെന്നതും ആശ്വാസകരമാണ്. 2016ല് അവതരിപ്പിച്ച പണപ്പെരുപ്പ നിയന്ത്രണ വ്യവസ്ഥ പ്രകാരം റീട്ടെയില് പണപ്പെരുപ്പം തുടര്ച്ചയായി മൂന്നു പാദങ്ങളില് 2-6ശതമാനമെന്ന പരിധിക്ക് പുറത്തായാല് വിലക്കയറ്റം നിയന്ത്രിക്കുന്നതില് ആര്ബിഐ പരാജയപ്പെട്ടതായി കണക്കാക്കും.
സര്ക്കാരിന് ഇതുസംബന്ധിച്ച് റിപ്പോര്ട്ട് നല്കേണ്ട സാഹചര്യം ഉണ്ടായതിനെതുടര്ന്ന് നവംബര് ആദ്യം ആര്ബിഐ പ്രത്യേക യോഗം ചേര്ന്നിരുന്നു.
നിരക്ക് വര്ധന സംബന്ധിച്ച തീരുമാനമെടുക്കുന്ന പണവായ്പാ നയ യോഗത്തിന് തിങ്കളാഴ്ച തുടക്കമായി. ഡിസംബര് ഏഴിനാണ് തീരുമാനം പ്രഖ്യാപിക്കുക.
ഫെബ്രുവരിയിലെ യോഗത്തില്ക്കൂടി നിരക്ക് കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്. അതോടെ റിപ്പോ നിരക്ക് 6.5ശതമാനമാകും.