
ന്യൂഡല്‍ഹി: വിദേശ വാണിജ്യവായ്പാ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കരട് നിര്‍ദ്ദേശം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കി. വിദേശ വായ്പകളിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് പ്രാഥമിക ലക്ഷ്യം.
ഇത് പ്രകാരം, വായ്പകള്‍ക്ക് അപേക്ഷിക്കാനാകുന്ന കമ്പനികളുടേയും വായ്പ നല്‍കുന്നവരുടേയും ലിസ്റ്റ് വിപുലീകരിക്കും. ഇതോടെ കൂടുതല്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാകും.വായ്പാ തുക വിനിയോഗിക്കുന്നതിലുള്ള നിയന്ത്രണവും ലഘൂകരിക്കും. പുതിയ നിര്‍ദ്ദേശ പ്രകാരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാകും. അടിസ്ഥാന സാമ്പത്തിക, നിയമ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നുമാത്രം.
വായ്പാ പരിധി നിശ്ചയിക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക ശക്തി പരിഗണിക്കുന്നതും പരിഗണനയിലുണ്ട്. മൊത്തം മൂല്യത്തിന്റെ 300 ശതമാനം അല്ലെങ്കില്‍ 1 ബില്യണ്‍ യുഎസ് ഡോളര്‍ ഏതാണോ കുറവ് അത് വരെ വായ്പയെടുക്കാന്‍ സ്ഥാപനങ്ങളെ അനുവദിച്ചേയ്ക്കും. ഇത് പ്രകാരം, സാമ്പത്തികമായി ശക്തമായ കമ്പനികള്‍ക്ക് കൂടുതല്‍ വായ്പകള്‍ നേടാം.
വിദേശ വായ്പകളുടെ പലിശനിരക്ക് നിര്‍ണ്ണയം വിപണി സാഹചര്യങ്ങള്‍ക്കനുസൃതമാകണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. കരട് നിയമങ്ങളില്‍ ഒക്ടോബര്‍ 24 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.