
രാജ്യത്ത് സിബില്‍ സ്‌കോര്‍ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് വന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആര്‍ബിഐ. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയതിനു പിന്നാലെയാണ് സിബിലിലും നടപടി വരുന്നത്.
രാജ്യത്തെ ബാങ്കിംഗ് മേഖലയെ ശക്തപ്പെടുത്തുന്നതിനും, ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്ര ബാങ്ക് ശ്രമിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
വായ്പയെടുക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും സിബില്‍ സ്‌കോര്‍ ഒരു വില്ലന്‍ ആകാറുണ്ട്. ഇവരില്‍ പലരും സിബില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതു കൊണ്ട് വെട്ടിലാകുന്നവരാണ്. ഇവിടെയാണ് ആര്‍ബിഐ ഇടപെടല്‍ പ്രധാനമാകുന്നത്.
ഇനി മുതല്‍ തത്സമയം അപ്‌ഡേറ്റ്
ആര്‍ബിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇനിമുതല്‍ സിബില്‍ സ്‌കോര്‍ തത്സമയം അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇത് ഫിനാന്‍സ് മേഖലയില്‍ ഒരു ഗെയിം ചേയ്ഞ്ചര്‍ നടപടിയാകുമെന്നാണു വിലയിരുത്തല്‍.
നിലവില്‍ സിബില്‍ പോലുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ ഓരോ 15 ദിവസത്തിലുമാണ് ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നത്. മുമ്പ് ഇതിനു മാസങ്ങള്‍ എടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ നിങ്ങള്‍ ഒരു വായ്പ ഒഴിവാക്കിലും, എടുത്താലും അത് ഉടനടി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കപ്പെടും.
വായ്പദാതാക്കള്‍ക്കും, ഉപയോക്താക്കള്‍ക്കും മെച്ചം
തത്സമയ സിബില്‍ അപ്‌ഡേഷന്‍ വായ്പദാതാക്കള്‍ക്കും, ഉപയോക്താക്കള്‍ക്കും ഒരുപോലെ മെച്ചമാകും. ഒരു വായ്പ അനുവദിക്കുമ്പോള്‍ ഉപയോക്താവിന്റെ കൃത്യമായ ക്രെഡിറ്റ് വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്കു ലഭിക്കും.
ഒരു വായ്പ ഒഴിവാക്കി ഉടനടി മറ്റൊരു ലോണിന് ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്കും ഇതു നേട്ടമാണ്. നിലവില്‍ സിബില്‍ അപ്‌ഡേഷന്‍ വൈകുന്നതു കൊണ്ട് പുതിയ ലോണിന്റെ സമയത്ത് പഴയ ലോണ്‍ റിപ്പോര്‍ട്ടില്‍ കാണുന്ന സാഹചര്യമുണ്ട്. ഇതി നിങ്ങളുടെ സ്‌കോറിനെയും ബാധിക്കുന്നതാണ്.
ക്രെഡിറ്റ് ഏജന്‍സികള്‍ക്കു നിര്‍ദേശം
ട്രാന്‍സ് യൂണിയന്‍ സിബില്‍, എക്‌സ്പീരിയന്‍, സിആര്‍ഐഎഫ് ഹൈ മാര്‍ക്ക്
തുടങ്ങി എല്ലാ ക്രെഡിറ്റ് ഏജന്‍സികളും റിയല്‍ടൈം ഡാറ്റ റിപ്പോര്‍ട്ടിംഗിലേക്ക് മാറണമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ ഓരോ ഇടപാടും ഉടനടി സ്‌കോര്‍ അപ്‌ഡേറ്റിലേയ്ക്ക് നയിക്കുമെന്നാണ് ഇതിനര്‍ത്ഥം. ഈ നീക്കത്തിലൂടെ സിസ്റ്റത്തിലുള്ള വിശ്വാസം, കാര്യക്ഷമത, സുതാര്യത എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര റാവു പറയുന്നു.
ഉപയോക്താക്കളുടെ വായ്പാ അപേക്ഷകളില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെയും ഇതു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേട്ടം ആര്‍ക്കൊക്കെ?
ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തത്സമയ ക്രെഡിറ്റ് സ്‌കോര്‍ അപ്‌ഡേഷന്‍ നേട്ടമാകും. പ്രത്യേകിച്ച് ഒരു വായ്പ ഒഴിവാക്കി ഉടനടി മറ്റൊരെണം ലക്ഷ്യംവയ്ക്കുന്നവര്‍ക്ക്.
അതേസമയം തത്സമയ ക്രെഡിറ്റ് അപ്‌ഡേഷന് വലിയ സന്നാഹങ്ങള്‍ ആവശ്യമാണ്. ഇതിനായി ക്രെഡിറ്റ് ഏജന്‍സികള്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടി വരും. പക്ഷെ മുഴുവന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും ലഭിക്കുന്ന നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ചെലവുകള്‍ വലുതല്ലെന്ന് ആര്‍ബിഐ പറയുന്നു.
കൂടുതല്‍ കാര്യക്ഷമവും, നീതിയുക്തവുമായ വായ്പാ മേഖലയിലുള്ള ഒരു നിക്ഷേപമായി നീക്കത്തെ കാണണമെന്നും റാവു കൂട്ടിച്ചേര്‍ത്തു.
യുണീക്ക് ബോറോവര്‍ ഐഡന്റിഫയര്‍ വരുന്നു
തത്സമയ അപ്ഡേറ്റുകള്‍ വിജയിപ്പിക്കുന്നതിന് എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളിലും സ്ഥിരതയുള്ള ഒരു ‘യുണീക്ക് ബോറോവര്‍ ഐഡന്റിഫയര്‍’ സ്ഥാപിക്കാന്‍ ആര്‍ബിഐ പദ്ധതിയിടുന്നു.
ക്രെഡിറ്റ് റിപ്പോര്‍ട്ടുകളിലെ പിഴവുകളും, ആവര്‍ത്തനങ്ങളും തടയാന്‍ ഈ അദ്വിതീയ ഐഡി സഹായിക്കും. ഇത് സാമ്പത്തിക വിവരങ്ങള്‍ എല്ലായ്‌പ്പോഴും കൃത്യമാണെന്ന് ഉറപ്പാക്കും. കൂടാതെ ഡാറ്റ സ്വകാര്യത എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടുകയും ചെയ്യും.