കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താനിടയില്ല. മൂന്ന് ദിവസത്തെ റിസർവ് ബാങ്കിന്റെ ധന നയ യോഗത്തിന് ഇന്നലെ തുടക്കമായി.

നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലായതിനാൽ ഇത്തവണയും മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുമെന്നാണ് പ്രമുഖ ധന ഏജൻസികൾ പ്രവചിക്കുന്നത്. നടപ്പുവർഷം പലിശ നിരക്കുകൾ കുറയില്ലെന്നും അവർ പറയുന്നു.

അതിനാൽ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പാ ബാദ്ധ്യത കുറയാൻ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരും.

പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നയ സമീപനങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടായേക്കുമെന്നും പ്രമുഖ റേറ്റിംഗ് ഏജൻസികൾ പറയുന്നു.

നിലവിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഒൻപത് മുതൽ 14 ശതമാനം വരെ പലിശയാണ് വിവിധ വായ്പകൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.2 ശതമാനം വളർച്ച നേടിയതിനാൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ സമയമായില്ലെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.

2022 മേയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം ഉയർത്തി 6.5 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക ഉത്പാദനം തിരിച്ചടി നേരിട്ടതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിക്കുന്നതാണ് നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ മൂലം ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതും കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു.

അമേരിക്ക, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര ബാങ്കുകൾ സെപ്തംബറിന് മുൻപ് മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ സാദ്ധ്യതയേറി. വികസിത രാജ്യങ്ങൾ കടുത്ത മാന്ദ്യ സാഹചര്യങ്ങളിലൂടെ നീങ്ങുന്നതിനാലാണ് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി പലിശ കുറയ്ക്കാൻ ഒരുങ്ങുന്നത്.

X
Top