
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിര്‍ത്തി. നിഷ്പക്ഷ നയ നിലപാട് പിന്തുടരാനും തീരുമാനമായിട്ടുണ്ട്.
അതായത് സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും കേന്ദ്രബാങ്ക് പണനയം നിശ്ചയിക്കുന്നത്. പണപ്പെരുപ്പം, വളര്‍ച്ച, ബാഹ്യ അപകട സാധ്യതകള്‍ എന്നിവയുള്‍പ്പടെയുള്ള മാക്രോ ഇക്കണോമിക് സൂചകങ്ങളെ കേന്ദ്രബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കും.
നേരത്തെയുള്ള വെട്ടിക്കുറയ്ക്കലുകളുടെ ഫലങ്ങള്‍ ക്രെഡിറ്റ് വിപണിയിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കണമെന്നും എങ്കില്‍ മാത്രമേ നിരക്ക് വീണ്ടും കുറയ്ക്കാനാകൂവെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി ശോഭനമാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പാരമ്പര്യ ശക്തി, അടിസ്ഥാന ഘടകങ്ങള്‍, ബഫറുകളായ ശക്തമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ്, സമ്പന്നമായ ബാങ്കിംഗ് സംവിധാനം, താരതമ്യേന കുറഞ്ഞ പണപ്പെരുപ്പം, മികച്ച ധന മാനേജ്‌മെന്റ് എന്നിവ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നു.
ട്രമ്പ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫ് സംബന്ധിച്ച അനിശ്ചിതത്വം കേന്ദ്രബാങ്ക് നിരീക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. 2026 സാമ്പത്തികവര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിയ ആര്‍ബിഐ ചില്ലറ പണപ്പെരുപ്പ അനുമാനം 3.1 ശതമാനത്തിലേയ്ക്ക് താഴ്ത്തി.
നേരത്തെ 3.7 ശതമാനമായിരുന്നു ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം. പണപ്പെരുപ്പ സാധ്യത പ്രതീക്ഷിച്ചതിലും കൂടുതല്‍ അനുകൂലമായി മാറിയെന്നും ഈ വര്‍ഷത്തെ ശരാശരി സിപിഐ പണപ്പെരുപ്പം ഭക്ഷ്യ പണപ്പെരുപ്പ നിരക്കിലെ ലക്ഷ്യത്തേക്കാള്‍ വളരെ താഴെയായിരിക്കുമെന്നും മല്‍ഹോത്ര പറഞ്ഞു. നിരക്ക് നിര്‍ണ്ണയ സമിതി ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്.
അതേസമയം നാലാംപാദം മുതല്‍ സിപിഐ പണപ്പെരുപ്പം 4 ശതമാനമാകുമെന്നും മല്‍ഹോത്ര അറിയിച്ചു.
ആര്‍ബിഐ നിരക്ക് നിലനിര്‍ത്താന്‍ തയ്യാറായേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോള്‍ ഇത്തരമൊരു നീക്കത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്.