
ന്യൂഡൽഹി: അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് കോർപറേഷന് പുതിയ കാർഡ് ഉപയോക്താക്കളെ ചേർക്കാൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് 16 മാസത്തിനു ശേഷം നീക്കി.
2021 മേയ് 1 മുതലായിരുന്നു വിലക്ക്. 2018ലെ ആർബിഐ ചട്ടമനുസരിച്ച് എല്ലാ പേയ്മെന്റ് സേവനദാതാക്കളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം.
ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു വിലക്ക്. 2018ലെ ഡേറ്റാ ചട്ടം അനുസരിച്ചുള്ള ആദ്യ ശിക്ഷാ നടപടിയായിരുന്നു ഇത്.അന്നുണ്ടായിരുന്ന ഉപയോക്താക്കൾക്ക് കാർഡുകൾ തുടർന്ന് ഉപയോഗിക്കുന്നതിനു വിലക്കുണ്ടായിരുന്നില്ല.
ചട്ടങ്ങൾ പാലിച്ചുവെന്ന് വ്യക്തമാക്കുന്ന സിസ്റ്റം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനും ആർബിഐ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിലക്ക് നീക്കിയത്.
അമേരിക്കൻ എക്സ്പ്രസിനു പുറമേ, ഡൈനേഴ്സ് ക്ലബിനും 2021 മേയിൽ ഉപയോക്താക്കളെ ചേർക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് 2021 നവംബറിൽ തന്നെ നീക്കി.