
മുംബൈ: ബിൽ പെയ്മെന്റ് ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആർബിഐ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തി.
പുതുക്കിയ ബിൽ പെയ്മെന്റ് നിയമങ്ങൾ വഴി ഉപഭോക്താക്കളുടെ പങ്കാളിത്തം വർധിക്കുകയും ഇടപാടുകളിൽ ഉപഭോക്തൃ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുന്ന ഈ നിർദ്ദേശങ്ങൾ എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിനും മറ്റ് നോൺ-ബാങ്ക് പെയ്മെന്റ് സംവിധാനങ്ങൾക്കും ബാധകമായിരിക്കും.
നിലവിലുള്ള പെയ്മെന്റ് സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് “റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം) ഡയറക്ഷൻസ് 2024 (Reserve Bank of India (Bharat Bill Payment System Directions, 2024 )” എന്ന പേരിൽ പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.
യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ എന്നിവ വഴി പണം അടയ്ക്കാനോ സ്വീകരിക്കാനോ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമായ ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ ബാങ്ക് ബ്രാഞ്ചുകൾ വഴിയോ ഇടപാട് നടത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു.
പുതിയ നിയമങ്ങൾ അനുസരിച്ച് വ്യാപാരികളുടെ ഓൺബോർഡിങ്ങുമായി (Onboarding) ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ബിൽ ഒപ്പറേറ്റിങ് യൂണിറ്റിനായിരിക്കും (BOU).
ഉപഭോക്താക്കൾക്ക് ഇടപാടുകൾ എളുപ്പമാക്കാനും ബിബിപിഎസിലെ എല്ലാ ബില്ലർമാരുമായും ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നുവെന്നും ഉറപ്പ് വരുത്താനുമുള്ള ചുമതല കസ്റ്റമർ ഓപ്പറേറ്റിങ് യൂണിറ്റിനുമായിരിക്കും (COU).






