
ന്യൂഡല്‍ഹി: രൂപ റെക്കോര്‍ഡ് താഴ്ച വരിച്ച സാഹചര്യത്തില്‍ വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആര്‍ബിഐ പുതുവഴികള്‍ തേടണമെന്ന് വിദഗ്ധര്‍. ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറയുന്നതനുസരിച്ച്, സ്വര്‍ണ്ണ ഇറക്കുമതിക്ക് കൂടുതല്‍ നികുതി ചുമത്തിയും എണ്ണ കമ്പനികള്‍ക്ക് പണം നല്‍കാനായി പുതിയ സംവിധാനമൊരുക്കിയും രൂപയുടെ മൂല്യം വര്‍ധിപ്പിക്കാവുന്നതാണ്.
രസീത് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ഫോറെക്‌സ് റെമിറ്റ് ചെയ്യാന്‍ കയറ്റുമതിക്കാരെ നിര്‍ബന്ധിക്കുന്നതാണ് മറ്റൊരു വഴി. ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമായി വരുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ അഭീക് ബറുവ പറയുന്നു. ഡോളറിലുള്ള കൂടുതല്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണം.
ബാഹ്യ വാണിജ്യ വായ്പ (ഇസിബി) വഴി ഡോളറില്‍ വായ്പയെടുക്കുന്നത് ആര്‍ബിഐ എളുപ്പമാക്കിയിരുന്നു. അത്തരത്തില്‍ ബാങ്കുകള്‍ക്ക് പിന്തുണ നല്‍കണമെന്നാണ് ബറുവയുടെ വാദം.






