
ന്യൂഡല്‍ഹി: നേരിയ ശമനം വന്നെങ്കിലും പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര. പണപ്പെരുപ്പം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന 7.8 ശതമാനത്തില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് തുടരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഡാറ്റ ആവശ്യമാണ്, ഓഗസ്റ്റ് 24 ലെ ഫിനാന്‍സ് സെമിനാറില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചരക്കുകളുടെ വിലയിടിവും വിതരണ ശൃംഖലയിലെ സമ്മര്‍ദ്ദക്കുറവും പണപ്പെരുപ്പം കുറക്കുന്ന കാര്യങ്ങളാണെങ്കിലും അപ്രതീക്ഷിത ഘടകങ്ങളും സേവന മേഖലകളുടെ വിലവര്‍ധനവും വീണ്ടും നിരക്കുയര്‍ത്തിയേക്കാം.
ഇനിയുള്ള നിരക്ക് ആഗോള സാമ്പത്തിക വിപണിയും അന്താരാഷ്ട്ര ചരക്ക് വിലയും ഇനിയുള്ള ദിവസങ്ങളില്‍ പണപ്പെരുപ്പം നിയന്ത്രിക്കുമെന്നും പത്ര പറഞ്ഞു. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ചരക്കുകള്‍ക്ക് വിലകൂടിയിരുന്നു.
ഇതോടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മുഖ്യ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 7.8 ശതമാനമായി. എന്നാല്‍ ജൂലൈയില്‍ പണപ്പെരുപ്പം 6.71 ശതമാനമായി ഇത് കുറയുകയും ചെയ്തു.
നിലവില്‍ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെങ്കിലും തുടര്‍ച്ചയായ 34 മാസമായി ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പമുള്ളത്.