
മുംബൈ: ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)പൈലറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് ക്ഷണം. ഇക്കാര്യമാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമീപിച്ചതായി വായ്പാദാതാക്കള്‍ പറയുന്നു. സിബിഡിസിയുടെ പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് ഫിന്‍ടെക്കുകളുമായി പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് ഇപ്പോള്‍ ബാങ്കുകള്‍.
ഫിന്‍ടെക് പങ്കാളികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനും ചെലവുകള്‍ വിലയിരുത്തുന്നതിനും ടെന്‍ഡറുകള്‍ വിളിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഏകദേശം നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാകും. അതേസമയം പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ബാങ്കുകളുടെ പേരുകള്‍ അറിവായിട്ടില്ല.
ഇ-രൂപ എന്നറിയപ്പെടുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി)യുടെ പരീക്ഷണ ഉപയോഗം കഴിഞ്ഞവര്‍ഷമാണ് ആര്‍ബിഐ ആരംഭിച്ചത്. നിലവില്‍ മൊത്ത, ചില്ലറ വിപണികളില്‍ ഇ-രൂപ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളാണ് പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.
2023 ജൂണ്‍ വരെ 1.3 ദശലക്ഷം ഉപഭോക്താക്കളും 0.3 ദശലക്ഷം വ്യാപാരികളും സിബിഡിസി ഉപയോഗിച്ചു. ഈ ദശകത്തിന്റെ അവസാനത്തോടെ രണ്ട് ഡസനോളം കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ ആരംഭിക്കുമെന്ന് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു.






