
ന്യൂഡൽഹി: റെയിൽവേ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിനു നൽകാൻ കേന്ദ്രമന്ത്രി സഭാ യോഗം അംഗീകാരം നൽകി. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയിൽവേ ഭൂമി വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാനുള്ള സൗകര്യത്തിനാണിതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ധർമേന്ദ്ര പ്രധാനും പറഞ്ഞു.
മൂന്നു മാസത്തിനകം റെയിൽവേ ഭൂനയം പരിഷ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കും. ഇതുവഴി റെയിൽവേ ഭൂമി വിപണി വിലയുടെ 1.5% നിരക്കിൽ 35 വർഷം ചരക്കു ഗതാഗത ടെർമിനലുകൾക്കും മറ്റും പാട്ടത്തിനു നൽകും.
നിലവിൽ 5 വർഷം വരെയാണ് നൽകുന്നത്. നിലവിലെ ഹ്രസ്വകാല ലൈസൻസ് കാലയളവ് കാർഗോ ഹബുകൾ സൃഷ്ടിക്കുന്നതിന് നിക്ഷേപകരെ ആകർഷിക്കുന്നില്ലെന്നതിനാലാണ് പുതിയ തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 300 പി.എം ഗതി ശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുകയും ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് ഒരു രൂപ എന്ന വാർഷിക ഫീസിൽ റെയിൽവേ ഭൂമിയിൽ പി.പി.പി വഴിയുള്ള ആശുപത്രികൾ, കേന്ദ്രീയ വിദ്യാലയ സംഘതൻ വഴിയുള്ള സ്‌കൂളുകൾ തുടങ്ങിയവ ആരംഭിക്കാൻ അനുമതി നൽകും.
പുതുക്കിയ ഭൂനയം വഴി:
- റെയിൽവേയുടെ പുതുക്കിയ ഭൂനയം അടിസ്ഥാന സൗകര്യങ്ങളുടെ സംയോജിത വികസനവും കൂടുതൽ കാർഗോ ടെർമിനലുകളും സാധ്യമാക്കും.
- നിലവിൽ ചരക്ക് ടെർമിനലുകൾക്കായി റെയിൽവേ ഭൂമി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ടെൻഡർ നടപടിക്കു ശേഷം പുതിയ നയ വ്യവസ്ഥയിലേക്ക് മാറാൻ അവസരം.
- ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്കും (ഒ.എഫ്.സി) മറ്റ് ചെറിയ വ്യാസമുള്ള ഭൂഗർഭ സൗകര്യങ്ങൾക്കും, റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിന് ഒറ്റതവണ ഫീസായി 1000 രൂപ ഈടാക്കും. നിലവിൽ അനുമതി ലഭിക്കുക ബുദ്ധിമുട്ടാണ്.
- റെയിൽവേ ഭൂമിയിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനുമതി.






