
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസുമായി സഹകരിച്ച് ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സ്പെഷ്യൽ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താ-എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗുർ ദർഗ തുടങ്ങി രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ കേന്ദ്രങ്ങൾ സന്ദർശിക്കും. യാത്രയുടെ ഭാഗമായി ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസ സൗകര്യം, കാഴ്ചകൾ കാണുന്നതിനുള്ള വാഹനങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ തുടങ്ങിയവ ലഭിക്കും.
ഇവ കൂടാതെ രാത്രി താമസം, അല്ലെങ്കിൽ കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും എൽടിസി/എൽഎഫ്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ലീപ്പർ ക്ലാസിന് 26,800 രൂപയും തേർഡ് എസിക്ക് 37,550 രൂപയും സെക്കൻഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ക്രിസ്മസ് അവധിക്കാല ഓഫറായി നാല് പേർ സെക്കൻഡ് എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 20 ശതമാനം കിഴിവും മൂന്ന് പേർ തേർഡ് എസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 30 ശതമാനം കിഴിവും മൂന്ന് പേർ സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരാൾക്ക് 20 ശതമാനം കിഴിവും ലഭിക്കും. സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസ് ചേർന്ന് വിനോദ സഞ്ചാരികൾക്കായി ഇതുവരെ 2,28,630 കിലോ മീറ്ററിലധികം നീളുന്ന യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി 25,475 പേർ രാജ്യത്തെ വിവിധ സാംസ്കാരിക-തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു.





