
മുംബൈ: വിപണി ശക്തമായ കരകയറ്റം നടത്തിയപ്പോൾ വിവിധ കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വില്പന ഇടപാടുകൾ വർദ്ധിക്കുന്നു. കമ്പനികളിലെ പ്രൊമോട്ടർമാരുടെ ഓഹരി ഉടമസ്ഥത പല വർഷങ്ങളിലെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ.
മെയിൽ ഇതുവരെ 58,000 കോടി രൂപയുടെ ഓഹരി വില്പനയാണ് വിവിധ കമ്പനികളുടെ പ്രൊമോട്ടർമാർ നടത്തിയത്. 2024 ഓഗസ്റ്റിന് ശേഷമുള്ള പ്രൊമോട്ടർമാരുടെ ഏറ്റവും വലിയ വിൽപ്പനയാണിത്.
ആ മാസം പ്രൊമോട്ടർമാർ 75,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഐടിസി, ഇൻഡിഗോ, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാർ ഈ മാസം ഓഹരി വിൽപ്പന നടത്തി. ഈ ഇടപാടുകൾ എല്ലാം വിപണി വിലയിൽ നിന്നും താഴ്ന്ന നിലവാരത്തിലാണ് നടന്നത്.
ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ ഐടിസിയിലെ ഓഹരികൾ വിറ്റത് വിപണി വിലയിൽ നിന്നും എട്ട് ശതമാനം താഴ്ന്ന നിലവാരത്തിലാണ്. രാകേഷ് ഗംഗ്വാൾ ഇൻഡിഗോയുടെ ഓഹരികൾ വിപണി വിലയിൽ നിന്നും 3.5 ശതമാനം കിഴിവോടെയാണ് വിറ്റത്.
സജ്ജൻ ജിൻ്റാൽ ഫാമിലി ട്രസ്റ്റ് ജെഎസ്ഡബ്ല്യു ഇൻഫ്രസ്ട്രക്ച്ചറിന്റെ ഓഹരികൾ ഭാഗികമായി വിറ്റത് മൂന്ന് ശതമാനം കിഴിവോടെയാണ്. ഭാരതി എയർടെൽ ഓഹരികൾ സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷൻസ് ഭാഗികമായി വിറ്റതും ഈ മാസമാണ്. വിപണി വിലയിൽ നിന്നും 3.6 ശതമാനം താഴ്ന്ന നിലയിലായിരുന്നു ഇടപാട് നടന്നത്.
പിഎൻബി ഹൗസിംഗ് ഫിനാൻസ്, പേടിഎം, നുവാമ വെൽത്ത്, പാരാസ് ഡിഫൻസ് തുടങ്ങിയ വിവിധ കമ്പനികളിലെ നിക്ഷേപകർ മെയ് മാസത്തിൽ ഓഹരി വില്പന നടത്തി.
ജനുവരി-മാർച്ച് ത്രൈമാസത്തിൽ എൻ എസ് സി യിലെ ലിസ്റ്റഡ് കമ്പനികളിലെ സ്വകാര്യ പ്രൊമോട്ടർമാരുടെ ഓഹരി ഉടമസ്ഥത 40.81ശതമാനം ആയി കുറഞ്ഞു. ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ ഇത് 41.09% ആയി ശതമാനമായിരുന്നു.