
ന്യൂഡൽഹി: സോളർ വൈദ്യുതി അടക്കമുള്ള പുനരുപയോഗ ഊർജം വിവിധ രാജ്യങ്ങൾ തമ്മിൽ പങ്കുവയ്ക്കാനുള്ള ‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’ (ഒസോവോഗ്) പദ്ധതിയുടെ ഭാഗമായി സൗദിയും ഇന്ത്യയും ഒപ്പുവച്ചു.
ധാരണാപത്രം യാഥാർഥ്യമാകുന്നതോടെ സൗദിയും ഇന്ത്യയും ഉൽപാദിപ്പിക്കുന്ന പുനരുപയോഗ ഊർജം പരസ്പരം പങ്കുവയ്ക്കാം.
‘ഒസോവോഗ്’ എന്ന പദ്ധതി 3 ഘട്ടമായാണ് നടപ്പാക്കുന്നത്. ഗൾഫ്, ദക്ഷിണേഷ്യ, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി ഗ്രിഡ് ബന്ധിപ്പിക്കുകയാണ് ആദ്യഘട്ടം.
രണ്ടാം ഘട്ടത്തിൽ ആഫ്രിക്കയിലേക്കും മൂന്നാം ഘട്ടത്തിൽ അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്കുമുള്ള കണക‍്ടിവിറ്റിയാണ് ലക്ഷ്യം. സൗദിയുമായുള്ള ബന്ധിപ്പിക്കൽ ആദ്യഘട്ടം മാത്രം.
കണക്ടിവിറ്റി വർധിക്കുന്നതോടെ പുനരുപയോഗ ഊർജ കൊടുക്കൽ വാങ്ങലുകൾ കൂടുതൽ കാര്യക്ഷമമാകും. പീക് ലോഡുള്ള രാജ്യത്തേക്ക് ലോഡ് കുറവുള്ള രാജ്യത്തു നിന്നു വൈദ്യുതി എത്തിക്കാം.
കേബിൾ ഇടുന്നതിനുള്ള ചെലവ് രാജ്യങ്ങൾ പരസ്പരം വഹിക്കും. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ്, മേഖലയിലെ ഡിജിറ്റൽ സഹകരണം അടക്കമുള്ളവയിലും സഹകരണത്തിന് സൗദിയുമായി ധാരണയായിട്ടുണ്ട്.
2021ൽ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും ചേർന്ന് ‘ഒസോവോഗ്’ പദ്ധതി പ്രഖ്യാപിച്ചത്.
സൗരോർജം പകൽസമയത്ത് മാത്രമാണ് ലഭിക്കുക. ഇതിനുള്ള പരിഹാരമായാണ് പദ്ധതി. പുനരുപയോഗ ഊർജം ലോകത്തെവിടെയും രാജ്യാന്തര ഗ്രിഡ് വഴി എത്തിക്കുകയെന്നതാണ് ലക്ഷ്യം.
ഉദാഹരണത്തിന് ലോകത്തിന്റെ ഒരു ഭാഗത്ത് പകൽസമയമാണെങ്കിൽ അവിടെ നിന്ന് മറുഭാഗത്ത് രാത്രിയുള്ള ഒരു സ്ഥലത്തേക്ക് പുനരുപയോഗ ഊർജം എത്തിക്കാം.
83 രാജ്യങ്ങൾ ‘ഒസോവോഗ്’ അംഗീകരിച്ചിട്ടുണ്ട്.