
ആഗോള ഓഹരി വിപണിയുടെ കരകയറ്റത്തിന് വഴിയൊരുക്കിയത് പലിശനിരക്ക് ഉയര്‍ത്തുന്ന നടപടിക്ക് ഉടന്‍ വിരാമമാകുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷക്ക് തിരിച്ചടിയേകുന്നതാണ് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ പ്രസ്‌താവന.
പലിശനിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്ന പവലിന്റെ പ്രസ്‌താവനയെ തുടര്‍ന്ന് യുഎസ് ഓഹരി സൂചികയായ ഡോ ജോണ്‍സ് മൂന്ന് ശതമാനമാണ് വെള്ളിയാഴ്ച ഇടിഞ്ഞത്.
യുഎസിലെ പണപ്പെരുപ്പം നാല് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി നില്‍ക്കെ പലിശനിരക്ക് ഉയര്‍ത്തുന്ന നടപടികളില്‍ നിന്ന് ഉടന്‍ പിന്‍മാറാനാകില്ലെന്ന സൂചനയാണ് വയോമിങ്ങില്‍ നടന്ന ജാക്‌സന്‍ ഹോള്‍ സെന്‍ട്രല്‍ ബാങ്കിങ് സമ്മേളനത്തില്‍ പവല്‍ നല്‍കിയത്. “പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വരും മാസങ്ങളിലും നിരക്ക് ഉയര്‍ത്തേണ്ടി വരും. കുറച്ചു കാലത്തേക്ക് പലിശനിരക്ക് ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്താന്‍ യുഎസ് ഫെഡ് നിര്‍ബന്ധിതമാകും. ഇതിന്റെ പ്രയാസം സാധാരണക്കാരും ബിസിനസ് മേഖലയും നേരിടേണ്ടിയും വരും. ” പവല്‍ പറഞ്ഞു.
അടുത്ത മാസങ്ങളില്‍ പലിശനിരക്ക് കുറഞ്ഞേക്കുമെന്ന അനലിസ്റ്റുകളില്‍ ഒരു വിഭാഗം പേരുടെ പ്രതീക്ഷക്ക് കനത്ത തിരിച്ചടിയായി പവലിന്റെ പ്രസ്‌താവന. ഓഹരി വിപണി ജൂണിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കരകയറ്റം നടത്തിയത് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വില കുറയുന്നത് പലിശനിരക്ക് തുടര്‍ന്നും വര്‍ധിപ്പിക്കുന്ന നിലപാടില്‍ നിന്ന് യുഎസ് ഫെഡിനെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു.
യുഎസിലെ പണപ്പെരുപ്പത്തിലുണ്ടായ ഇടിവ് നാമമാത്രമാണെന്നും വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ യുഎസ് സമ്പദ്‌വ്യവസ്ഥ ഇനിയും നേരിടാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള ഒരു വിഭാഗം അനലിസ്റ്റുകളുടെ നിരീക്ഷണം ശരിവെക്കുന്നതാണ് പവലിന്റെ പ്രസ്‌താവന.
തൊഴില്‍ അവസരങ്ങള്‍ കുറയുന്നതു പോലുള്ള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങളിലേക്ക് യുഎസ് സമ്പദ്‌വ്യവസ്ഥ ഇനിയും എത്തിയിട്ടില്ല. അത് അടുത്ത മാസങ്ങളില്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പ്രതികൂല ഘടകങ്ങള്‍ ശക്തമായി നിലനില്‍ക്കെ ആഗോള ഓഹരി വിപണിയിലെ കരകയറ്റം താല്‍ക്കാലികം മാത്രമാകാനാണ് സാധ്യത.
അതേസമയം യുഎസ് നേരിടുന്ന ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയല്ല. ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യക്ക് പുതിയതല്ല. ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും നിലനില്‍ക്കെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ട്.
കറന്‍സിയുടെ മൂല്യം കൈകാര്യം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് വിജയിക്കുക കൂടി ചെയ്‌താല്‍ ഇന്ത്യക്ക് അനുകൂലമാകും പല ഘടകങ്ങളും. ഉല്‍പ്പാദന മേഖലയിലെ ഉണര്‍വും ആഗോളതലത്തില്‍ ഇന്ത്യക്ക് അനുകൂലമായ സാഹചര്യവുമാണ് നിലനില്‍ക്കുന്നത്.
ജെപി മോര്‍ഗന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് ഫണ്ടില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയിലെ കടപ്പത്രങ്ങളിലേക്ക് ഗണ്യമായ അളവില്‍ ഡോളര്‍ നിക്ഷേപമെത്തും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഇത്തരം സവിശേഷതകള്‍ നിലനില്‍ക്കുന്നത് ഓഹരി വിപണിയിലും പ്രതിഫലിക്കാനാണ് സാധ്യത. പവലിന്റെ പ്രസ്‌താവന യുഎസ് വിപണിയെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിലേക്കാണ് നയിച്ചത്.
യുഎസ് വിപണി വീണ്ടും താഴേക്ക് ഇടിയുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാകാമെങ്കിലും തിരുത്തല്‍ യുഎസ് വിപണിയിലുണ്ടാകുന്നിടത്തോളം ശക്തമാകണമെന്നില്ല. ആഗോള വിപണിയിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നിടത്തോളം ഇന്ത്യന്‍ വിപണിയും ഒരു പരിധിക്കുള്ളില്‍ നീങ്ങാനാണ് സാധ്യത.