
നാല് തലമുറകളായി മലയാളികളെ കുട ചൂടിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ കുട കമ്പനികളുടെ തറവാടായ ആലപ്പുഴ തയ്യില്‍ കുടുംബത്തിന്റെ സംരംഭക യാത്ര ആരംഭിക്കുന്നത് 1950-കളിലാണ്. ‘കുട വാവച്ചന്‍’ എന്നറിയപ്പെടുന്ന തയ്യില്‍ എബ്രഹാം വര്‍ഗീസ് 1954-ല്‍ സെന്റ് ജോര്‍ജ്ജ് കുടയെന്ന ബ്രാന്‍ഡ് ആരംഭിച്ച കാലം മുതല്‍. 1968-ല്‍ എബ്രഹാം വര്‍ഗീസിന്റെ മരണശേഷം, മക്കളായ ബേബിക്കും (സ്‌കറിയ) എബ്രഹാമിനും ആയിരുന്നു കമ്പനിയുടെ സാരഥ്യം. 1995-ല്‍ കമ്പനി വിഭജിച്ച് സഹോദരങ്ങള്‍ ഇരുവരും പോപ്പി, ജോണ്‍സ് എന്നീ രണ്ട് വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് തുടക്കമിട്ടു. 3 പതിറ്റാണ്ടിലേറെയായി, ഈ രണ്ട് ബ്രാന്‍ഡുകളും കേരളത്തിലെ കുട വ്യാപാരത്തിന്റെ അനിഷേധ്യ ജേതാക്കളായി തുടരുന്നു. കേരളത്തിലെ വിപണി വിഹിതത്തിന്റെ നാലില്‍ മൂന്നും പോപ്പി, ജോണ്‍സ് ബ്രാന്‍ഡുകളുടെ സ്വന്തമാണ്. അന്യ സംസ്ഥാനങ്ങളിലും രാജ്യാന്തര വിപണികളിലുമുണ്ട് ഇരു ബ്രാന്‍ഡുകള്‍ക്കും ശക്തമായ സാന്നിധ്യം.
സ്വാതന്ത്ര്യത്തിനു മുന്‍പ് ആലപ്പുഴയില്‍ കുട വ്യാപാരം നടത്തിയിരുന്ന പാക്കിസ്ഥാന്‍ സ്വദേശി കാസിം കരിം സേട്ടിന്റെ ജീവനക്കാരനായിരുന്നു എബ്രഹാം വര്‍ഗീസ്. വിഭജന കാലത്ത് സേട്ട് നാട്ടിലേക്കു മടങ്ങിയപ്പോള്‍ സുഹൃത്തുമായി ചേര്‍ന്ന് സ്ഥാപനം ഏറ്റെടുത്തു. 1954-ല്‍ സ്വന്തമായി സെന്റ് ജോര്‍ജ് അംബ്രല മാര്‍ട്ട് തുടങ്ങിയതോടെ കുടുംബത്തിന്റെ കുടപ്പെരുമയ്ക്ക് തുടക്കമായി. 9 ജോലിക്കാരുമായി വാടകക്കെട്ടിടത്തില്‍ ആയിരുന്നു തുടക്കം. കുട വിപണിയുടെ വലുപ്പം കേരളത്തിന് കാണിച്ചു തന്നത് സെന്റ് ജോര്‍ജ് അംബ്രല മാര്‍ട്ടാണ്. മാധ്യമങ്ങളില്‍ കുടകളുടെ പരസ്യം ആദ്യമായി പരിചയപ്പെടുത്തിയതും അവര്‍ തന്നെ. പില്‍ക്കാലത്ത് പോപ്പിയുടെയും ജോണ്‍സിന്റെയും പരസ്യങ്ങള്‍ കേരളമാകെ തരംഗം തീര്‍ത്തു. മികച്ച കുട എങ്ങനെയാകണമെന്നു പഠിക്കാന്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടീം ആലപ്പുഴയിലെത്തിയതും ചരിത്രം. ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച സമയത്ത് കുടയുടെ ഗുണനിലവാരത്തെപ്പറ്റി പറയേണ്ട ഭാഗത്ത് സെന്റ് ജോര്‍ജ് കുടകളുടെ നിര്‍മാണ രീതി എഴുതിച്ചേര്‍ക്കുകയാണത്രെ ചെയ്തത്!






