
തിരുവനന്തപുരം: ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഗവര്‍ണേന്‍സ് എന്നതായിരിക്കും സര്‍ക്കാര്‍ മുദ്രാവാക്യമെന്നാണ് നയപ്രഖ്യാപനം.
രാസലഹരി ഉള്‍പ്പെടെ ലഹരിയുടെ വേരറുക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗം. എക്‌സ്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ചാകും പദ്ധതികള്‍. സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടപ്പാക്കും. ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ തടയും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപനമുണ്ട്.
പൊലീസ് സംരക്ഷകരാകുമെന്നും പ്രഖ്യാപനത്തിലുണ്ട്. പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കേന്ദ്രവുമായി ഫെഡറലിസത്തില്‍ ഊന്നിയുളള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഗവര്‍ണര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ രൂപീകരിച്ചു. തുറമുഖ വികസന ഹബായി സംസ്ഥാനത്തെ പടുത്തുയര്‍ത്തുമെന്ന് പ്രസംഗത്തില്‍ പറയുന്നു.
കാര്‍ഷിക രംഗത്തിനും മികച്ച ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൃഷി മുഖ്യവിഷയമായി സര്‍ക്കാര്‍ പരിഗണിക്കുന്നു, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കും, സ്ത്രീകള്‍ക്ക് കൃഷിയില്‍ സ്ത്രീകളായ കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന, സ്ത്രീകളെ കൂടുതല്‍ കാര്‍ഷിക മേഖലയിലേക്ക് എത്തിക്കാന്‍ പദ്ധതി, വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ – എന്നിവയാണ് പ്രധാനപ്പെട്ടവ.
മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാര്‍ക്ക് രൂപീകരിക്കും. സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും – എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.
മനുഷ്യ വന്യ ജീവി സംഘര്‍ഷം തടയാന്‍ ആധുനിക സാങ്കേതിക വിദ്യ കൊണ്ടുവരുന്നതും പ്രഖ്യാപനത്തിലുണ്ട്.
സഹകരണ മേഖല ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്. സഹകരണ – വിജിലന്‍സ് കൂടുതല്‍ കാര്യക്ഷമമാക്കും. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും. സഹകരണ മേഖല ജനാധിപത്യ രീതിയില്‍ ഭരണ സംവിധാനം മെച്ചപ്പെടുത്തും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. ക്ഷീര സഹകരണ സംഘങ്ങളില്‍ അടക്കം ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും.
ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷനാക്കും. ഐടി വകുപ്പിന്റെ പുതിയ പേര് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി എന്നാക്കി മാറ്റും. വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കും. ഉല്‍പാദന മേഖല ശക്തിപ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം പോര്‍ട്ടല്‍. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് – എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
പത്തരയോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ലോക്ഭവനിലേക്കു മടങ്ങി. ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം സഭ പിരിഞ്ഞു. നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ജൂൺ രണ്ടിനു സഭ വീണ്ടും ചേരുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.
നയപ്രഖ്യാപനം: പ്രധാന പ്രഖ്യാപനങ്ങൾ
- പുതുയുഗ കേരളം സൃഷ്ടിക്കും.
- അഴിമതിമുക്തഭരണം ഉറപ്പാക്കും വളർച്ചയും സമത്വവും ഉറപ്പാക്കും.
- ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
- ഇത് സുതാര്യ സർക്കാർ. ചലച്ചിത്ര നയം കൊണ്ടുവരും മീഡിയ സിറ്റി സ്ഥാപിക്കും.
- പ്ലസ് ടു സീറ്റ് ആവശ്യത്തിന് കൂട്ടും.
- ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കും.
- കോളജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ ധനസഹായം.
- ക്ഷേമപെൻഷൻ 3000 രൂപയാകും.
- മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.
- കേരളത്തെ തുറമുഖ ഹബ്ബാക്കി മാറ്റും.
- ഗവേഷക വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്.
- സുഗന്ധവ്യഞ്ജന വില്പനയ്ക്ക് പിപിപി പാർക്ക്.
- സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ധനകാര്യ അച്ചടക്കം ഉറപ്പാക്കും.
- കാർഷിക വരുമാനം ഉയർത്തും, കൃഷി ലാഭകരമായ തൊഴിൽ മേഖലയാക്കും.
- വനിതാ കാർഷിക കൺസോർഷൻ സ്ഥാപിക്കും.
- സഹകരണ വിജിലൻസ് കാര്യക്ഷമമാക്കും
- സഹകരണ മേഖലയെ ശക്തിപ്പെടുത്തും.
- സർക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയം.
- ഭരണത്തിൽ സുതാര്യത ലക്ഷ്യം.
- 10,000 ചെറുകിട വ്യവസായങ്ങളെ പിന്താങ്ങും.
- വന്യജീവി പ്രശ്നം പരിഹരിക്കുന്നതിന് മുൻഗണന, പ്രാഥമിക പരിഗണന മനുഷ്യജീവൻ സംരക്ഷിക്കാൻ.
- ചലച്ചിത്രമേള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും
- ലഹരിമുക്ത നടപടികൾ ശക്തമാക്കും.
- എക്സൈസ് വകുപ്പിനെ പുന ക്രമീകരിക്കും.
- വിലക്കയറ്റം വെല്ലുവിളി, വിലക്കയറ്റം തടയാൻ കർശന പരിശോധന.
- പൊതുജനാരോഗ്യം ശക്തിപ്പെടുത്തും, നിലവിലെ അവസ്ഥ മോശം
- ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
- സഹകരണ മേഖലയിലെ തട്ടിപ്പുകൾ കർശനമായി നേരിടും നിക്ഷേപം കൃത്യസമയത്ത് മടക്കി നൽകാൻ പദ്ധതി.
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങൾക്കും. നെഹ്റു ശാസ്ത്ര കേന്ദ്രങ്ങൾ ആരംഭിക്കും.
- കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും.
- യുവാക്കൾക്ക് അഞ്ചു ലക്ഷത്തിന്റെ പലിശരഹിത വായ്പ.
- ആഭ്യന്തരവകുപ്പ് ശക്തമായി മുന്നോട്ടു പോകും.
- ധവളപത്രം തയാറാക്കാൻ പ്രത്യേക സമിതി.
- വിലക്കയറ്റം നിയന്ത്രിക്കും, സപ്ലൈകോ റേഷൻ കടകളുടെ എണ്ണം കൂട്ടും.
- എഐ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും
- പോലീസിൽ സമഗ്ര വികസനം നടപ്പാക്കും.
- വ്യവസായ മേഖലയിൽ ഏകജാലക സംവിധാനം.
- ലഹരി വിമുക്തിക്ക് ഓപ്പറേഷൻ തൂഫാൻ.
- കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും.
- മത്സ്യത്തൊഴിലാളി മേഖലാ സംരക്ഷിക്കും.
- ലഹരി കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകിട്ടും.
- പാലിയേറ്റീവ് കെയറിന് പ്രാമുഖ്യം നൽകും.
- മൊബൈൽ മാവേലി സ്റ്റോറുകൾ വിപുലീകരിക്കും മത്സ്യബന്ധന മേഖലയെ ആധുനിക വൽക്കരിക്കും
- ലഹരി നെറ്റ്വർക്കുകളെ തകർക്കും, സ്കൂൾ കോളേജുകൾ ലഹരി മുക്തമാക്കും.
- നദി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രത്യേക പദ്ധതി.
- ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം.
- വഖഫ് ആധുനികവൽക്കരിക്കും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കും.
- ഭൂനയങ്ങളിൽ സമഗ്ര പരിഷ്കരണം.
- വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക്.
- സോളാറിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രോജക്ട് പ്രോത്സാഹിപ്പിക്കും.
- പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും.
- സംസ്ഥാനത്ത് വയോജന വകുപ്പ്.
- മതനിരപേക്ഷത കാത്തുസൂക്ഷിക്കും.
- റവന്യൂ വകുപ്പ് ഡിജിറ്റൽ ആക്കും.
- ബൈപ്പാസുകൾ നാലുവരി ആക്കും.
- സോളാർ റീചാർജ് കേന്ദ്രങ്ങൾ വർധിപ്പിക്കും.
- ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പോർട്ടൽ.
- കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.
- സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കും.
- എസ് സി എസ് ടി വിഭാഗങ്ങൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാർപ്പിടം നൽകും.
- വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കും കേരളത്തെ വയോജന സൗഹൃദം ആക്കും.
- ദുരന്തനിവാരണത്തിന് ജനകീയ സഹകരണത്തോടെ പദ്ധതികൾ.
- മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കും.
- മടങ്ങിവരുന്ന പ്രവാസികൾക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കും.
- വനിതാ കാർഷിക കൂട്ടായ്മ പ്രോത്സാഹിപ്പിക്കും.
- ശുദ്ധജല ലഭ്യത എല്ലാവർക്കും ഉറപ്പാക്കും.
- കായിക പരിശീലന കേന്ദ്രങ്ങൾ വർധിപ്പിക്കും.
- വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകും. മൂന്ന് ദിവസത്തെ അവധി. ആർത്തവ അവധിക്ക് പകരം പ്രത്യേക ക്ലാസ് നടത്തും.






