എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം

ന്യൂഡൽഹി: പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ച വീടുകളുടെ എണ്ണം 60 ലക്ഷം കടന്നു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 60.74 ലക്ഷം വീടുകളിൽ പുരപ്പുറ സോളറുണ്ട്. മൊത്തം സ്ഥാപിതശേഷി 17,915.31 മെഗാവാട്ടാണ്.

2027 മാർച്ചോടെ ഒരുകോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 60 ലക്ഷം കടന്നതോടെ ലക്ഷ്യത്തിന്റെ 60% കാണാൻ ഇതിനകം കഴിഞ്ഞു. 2024 ഫെബ്രുവരിയിലാണ് പദ്ധതിയുടെ തുടക്കം. 75,021 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.

ആദ്യ ഒരുലക്ഷം ഉപഭോക്താക്കളെ നേടാൻ 118 ദിവസമെടുത്തിരുന്നു. ഇപ്പോൾ ഓരോ 6 ദിവസവും ഒരുലക്ഷത്തിലധികം പേർ പദ്ധതിയിൽ ചേരുന്നുണ്ട്. സോളർ മാനുഫാക്ചറിങ്, സ്ഥാപനം, മെയിന്റനൻസ് തുടങ്ങിയ വിഭാഗങ്ങളിലായി നേരിട്ടും പരോക്ഷമായും 17 ലക്ഷം പേർക്ക് പദ്ധതിവഴി ജോലി ലഭിക്കുമെന്നുമാണ് കേന്ദ്രം കരുതുന്നത്.

സബ്സിഡി നേട്ടത്തിന് പുറമേ വൈദ്യുതി ബില്ലിൽ വലിയ നേട്ടമുണ്ടാക്കാനും പിഎം സൂര്യഘറിലൂടെ ഉപഭോക്താക്കൾക്ക് കഴിഞ്ഞെന്നാണ് കേന്ദ്രം പറയുന്നത്. മൊത്തം 60 ലക്ഷം വീടുകളിൽ 20.7 ലക്ഷം വീടുകളിലും ഇപ്പോൾ വൈദ്യുതി ബിൽ പൂജ്യമാണ്.

രാജ്യത്ത് പിഎം സൂര്യഘർ പുരപ്പുറ സോളർ സ്ഥാപിച്ച സംസ്ഥാനങ്ങളിൽ 4-ാം സ്ഥാനത്താണ് കേരളം. 3.77 ലക്ഷം വീടുകളിലായി 1432.77 മെഗാവാട്ടാണ് സ്ഥാപിതശേഷി. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവയാണ് കേരളത്തേക്കാൾ മുന്നിലുള്ളത്.

X
Top