
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത കയറ്റുമതി വ്യാപാരി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി. ആഗോള അനിശ്ചിതത്വങ്ങളുടേയും യുഎസ് തീരുവുകളുടേയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.50 ശതമാനം യുഎസ് തീരുവ ടെക്‌സ്റ്റൈല്‍, തുകല്‍, എഞ്ചിനീയറിംഗ്, സമുദ്രോത്പന്ന മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
തമിഴ്‌നാട്, ഗുജ്‌റാത്ത്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തൊഴിലധിഷ്ഠ വ്യവസായങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, സമുദ്രവിഭവങ്ങള്‍, എഞ്ചിനീയറിംഗ്, തുകല്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കുകൊണ്ടു. വായ്പകള്‍ ഉയര്‍ത്താനും സെസ് നിയമം ഭേദഗതി ചെയ്യാനും കസ്റ്റംസ് നിയമത്തില്‍ പരിഷ്‌ക്കരണം വരുത്താനും വ്യാപാരികള്‍ ആവശ്യപ്പെട്ടതായാണ് സൂചന. യൂറോപ്പ്, വെസ്റ്റ് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാനും വിപണികള്‍ വൈവിദ്യവത്ക്കരിക്കാനും സര്‍ക്കാര്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലന്റ്, ചിലി തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടന്‍ നിലവില്‍ വരുമെന്നും ഇത് പുതിയ വിപണി കണ്ടെത്താന്‍ കയറ്റുമതിക്കാരെ സഹായിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഉയര്‍ന്ന ലോജിസ്റ്റിക്‌സ്, മൂലധന ചെലവുകള്‍ മത്സരക്ഷമത കുറയ്ക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി വൈകിപ്പിക്കുന്ന ഗുണനിലവാര നിയന്ത്രണ ഉത്തരവുകളില്‍ (ക്യുസിഎ) മാറ്റം വരുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌സ് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായ്പ മൊറട്ടോറിയങ്ങളും സാമ്പത്തിക പിന്തുണയുമാണ് മറ്റ് ആവശ്യങ്ങള്‍. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരശേഷി പുന: സ്ഥാപിക്കാന്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണ്.






