
കോട്ടയം: തരിശു സ്ഥലത്ത് സോളർ പാനലിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദനത്തിനു പദ്ധതിയുമായി കേരള പ്ലാന്റേഷൻ കോർപറേഷൻ. കോർപറേഷനെ നഷ്ടത്തിൽ നിന്നു കരകയറ്റുന്നതിനുള്ള വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണിത്.
കോർപറേഷന്റെ ഉടമസ്ഥതയിൽ കാസർകോട്ടുള്ള 500 ഏക്കർ സ്ഥലം സൗരോർജ ഉൽപാദന കമ്പനിക്ക് വാടകയ്ക്ക് നൽകാനാണ് ആലോചനയെന്നു ചെയർമാൻ ഒ.പി.എ.സലാം പറഞ്ഞു.
3 കമ്പനികൾ വൈദ്യുതി ഉൽപാദനത്തിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരുമായി ആലോചിച്ചാകും അന്തിമ തീരുമാനം. നിരപ്പായ ഒരേക്കർ സ്ഥലത്ത് 9000 സോളർ പാനലുകൾ വരെ സ്ഥാപിക്കാൻ കഴിയും. എന്നാൽ കാസർകോട്ട് പാറക്കെട്ടുകൾ കൂടുതലുള്ളതിനാൽ എത്ര പാനലുകൾ സ്ഥാപിക്കാൻ കഴിയുമെന്നാകും ആദ്യ പരിശോധന.
350 ഏക്കർ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആദ്യഘട്ടത്തിൽ പരീക്ഷണാർഥം 10 മെഗാവാട്ടാകും ഉൽപാദിപ്പിക്കുക. ഇതിന് ഏകദേശം 50 കോടി രൂപ നിർമാണ ചെലവ് വരും.
ഉൽപാദനവും വിതരണവും സംബന്ധിച്ച് പ്ലാന്റേഷൻ കോർപറേഷനും നിർമാണ കമ്പനിയും കെഎസ്ഇബിയും തമ്മിൽ ചർച്ച നടത്തുമെന്നും സലാം പറഞ്ഞു.