
എഡുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം ആയ ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ 11ന് തുടങ്ങും. നവംബര്‍ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 103-109 രൂപയാണ് ഇഷ്യു വില. 137 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നവംബര്‍ 18ന് ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
3480 കോടി രൂപയാണ് ഐപിഒയിലൂടെ ഫിസിക്‌സ്‌വാല സമാഹരിക്കുന്നത്. 3100 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 380 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഐപിഒയ്‌ക്കു ശേഷം കമ്പനിയുടെ വിപണിമൂല്യം 28,073 കോടി രൂപയായിരിക്കും.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 460.5 കോടി രൂപ പുതിയ ഓഫ്‌ലൈന്‍, ഹൈബ്രിഡ് സെന്ററുകള്‍ തുറക്കുന്നതിനും 548.3 കടം തിരിച്ചടക്കുന്നതിനും ചെലവഴിക്കും. 47.2 കോടി രൂപ സബ്‌സിഡറിയായ സൈലം ലേര്‍ണിംഗില്‍ നിക്ഷേപിക്കും.
2016ല്‍ ഒരു യൂട്യൂബ് ചാനലായി തുടങ്ങിയ ഫിസിക്‌സ്‌വാല 2020ലാണ് കമ്പനി എന്ന നിലയില്‍ സ്ഥാപിതമായത്. ഫിസിക്‌സ്‌വാല കഴിഞ്ഞ സാമ്പത്തിക വര്‍ഷം 243 കോടി രൂപ നഷ്‌ടമാണ് നേരിട്ടത്. 2023-24ല്‍ 1131 കോടി രൂപയായിരുന്നു നഷ്‌ടം. വരുമാനം 1940 കോടി രൂപയില്‍ നിന്ന് 2886 കോടി രൂപയായി ഉയര്‍ന്നു.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.





