ന്യൂഡല്‍ഹി: എക്‌സിബിഷനുകളും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുന്ന ഇന്ത്യ എക്‌സ്‌പൊസിഷന്‍ മാര്‍ട്ടിന് ഐപിഒ നടത്താനുള്ള അനുമതി ലഭ്യമായി. 600 കോടി രൂപയുടെ ഐപിഒയ്ക്കാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കിയിരിക്കുന്നത്. 450 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1,12,10,659 ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പ്രമോട്ടര്‍മാരും ഓഹരിഉടമകളുമായ വെക്ട്ര ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എംഐഎല്‍ വെഹിക്കിള്‍സ് ആന്റ് ടെക്‌നോളജീസ്, ഓവര്‍സീസ് കാര്‍പറ്റ്‌സ്, ആര്‍എസ് കമ്പ്യൂടെക്, നവരതന്‍ സാംദാരി, ദിനേഷ് കുമാര്‍ അഗര്‍വാള്‍, പങ്കജ് ഗാര്‍ഗ് എന്നിവര്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും. മാര്‍ച്ചിലാണ് കമ്പനി ഐപിഒയ്ക്ക് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. ജൂണ്‍ 16ന് അനുമതി നല്‍കികൊണ്ടുള്ള ഒബ്‌സര്‍വേഷന്‍സ് കത്ത് ലഭ്യമായി.
പ്രീ ഐപിഒ പ്ലെയ്‌സ്‌മെന്റിലൂടെ 75 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്. അങ്ങിനെയാണെങ്കില്‍ ഫ്രഷ് ഇ്ഷ്യുവിന് ലഭ്യമാകുന്ന ഓഹരികളുടെ എണ്ണത്തില്‍ കുറവ് വരും. ഫ്രഷ് ഇഷ്യുവിലൂടെ ലഭ്യമാകുന്ന തുക അടിസ്ഥാന സൗകര്യവികസനത്തിനും വായ്പകള്‍ കൊടുത്തുതീര്‍ക്കാനും മറ്റ് കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പേഴ്‌സില്‍ കമ്പനി പറയുന്നു.
എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, കോണ്‍ഗ്രസ്സുകള്‍, ഉത്പന്ന ലോഞ്ചുകള്‍, പ്രമോഷണല്‍ ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് നോയ്ഡ ആസ്ഥാനമായ ഇന്ത്യ എക്‌സ്‌പൊസിഷന്‍ മാര്‍ട്ട്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ കമ്പനിയുടെ ഇടപാടുകാരാണ്. രാജ്യമെമ്പാടും ലോക നിലവാരമുള്ള വേദികള്‍ സജ്ജീകരിക്കുന്നതിലുള്ള പാടവമാണ് കമ്പനിയുടെ പ്രത്യേകത.