
1964 ജൂണ്‍ 27-ന് കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ പേര്, ഇന്നും ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അഭിമാനത്തോടെ മുഴങ്ങുകയാണ്; പി ടി ഉഷ. ബാല്യത്തില്‍ ഗ്രാമത്തിലെ ചെറുവഴികളിലും, സ്‌കൂള്‍ മുറ്റത്തും നിന്ന് ആരംഭിച്ച അവരുടെ ഓട്ടം, പിന്നീട് കായിക വേദികളിലെ വേഗതയേറിയ പാതകളിലേക്ക് നീണ്ടു. കഠിനാധ്വാനവും ആത്മാര്‍പ്പണവുമാണ് അവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ വേഗതയുടെ റാണിയാക്കി മാറ്റി. തന്റെ സ്വപ്‌നം സ്വന്തമാക്കാന്‍ അവര്‍ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും ഒരോ പാഠങ്ങളായി മാറി. പയ്യോളിയിലെ മണ്ണില്‍ നിന്നും ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കിലേക്കുള്ള അവരുടെ യാത്ര, സ്ത്രീശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായമലയാളി പെ ണ്‍കുട്ടിയുടെ പ്രചോദന കഥയായി ചരിത്രത്തില്‍ ഇടംനേടി.
1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടെങ്കിലും, ഉഷയുടെ നേട്ടം ഇന്ത്യയുടെ അത്ലറ്റിക് ആത്മവിശ്വാസത്തിന് പുതിയ മാനങ്ങളേകി. വിജയമെന്നത് മെഡലുകള്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് പ്രചോദനമാകുന്നത് കൂടിയാണെന്ന് അവര്‍ തെളിയിച്ചു. പദ്മശ്രീ, അര്‍ജുന, ദ്രോണമാചാര്യ എന്ന് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അവര്‍ സ്വന്തമാക്കി.
എന്നാല്‍ പിടി ഉഷയുടെ ഏറ്റവും വലിയ നേട്ടം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലൂടെ പുതിയ തലമുറയെ തയ്യാറെടുപ്പിക്കുന്നതിലാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവര്‍ നല്‍കുന്ന പ്രചോദനം, കേരളത്തിന്റെ കായികമികവിന്റെ അടിത്തറയായി മാറിയിരിക്കുന്നു. കായിക മത്സരങ്ങള്‍ പെണ്‍കുട്ടികളുടേത് കൂടിയാണെന്ന് ഊട്ടിയുറപ്പിച്ച പ്രചോദനമാണവര്‍. പയ്യോളിയിലെ മണ്ണില്‍ നിന്ന് ആഗോള നിലവാരത്തിലേക്ക് ഉയര്‍ന്ന ആ പെണ്‍ ചുഴലിക്കാറ്റ് പ്രചോദനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പാഠ പുസ്തകമാണ്.






