മുംബൈ: ഡിജിറ്റല്‍ പെയ്മന്റ് ഭീമനായ വിസ, ലൈറ്റ്‌ബോക്‌സ് എന്നിവയ്ക്ക് ഓഹരിപങ്കാളിത്തമുള്ള പേമെയ്റ്റ് ഇന്ത്യ ഐപിഒയ്ക്കായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പേഴ്‌സ് സമര്‍പ്പിച്ചു. 1125 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്തുക. മൊത്തം 1500 കോടി രൂപ പൊതുവിപണിയില്‍ നിന്ന് സമാഹരിക്കും.
കമ്പനി സ്ഥാപകനായ അജയ് ആദിശേഷന്‍, പ്രമോട്ടര്‍ ഗ്രൂപ്പുകളും ഓഹരിഉടമകളുമായ വിശ്വനാഥന്‍ സുബ്രമണ്യന്‍, ലൈറ്റ്‌ബോക്‌സ് വെഞ്ച്‌ചേഴ്‌സ്, മെയ്ഫീല്‍ഡ് എഫ്വിസിഐ ലിമിറ്റഡ്, ആര്‍എസ്പി ഇന്ത്യ ഫണ്ട് എന്നിവരാണ് തങ്ങളുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കുകയെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പേഴ്‌സ് പറയുന്നു. രാജ്യത്തെ പ്രമുഖ ബിസിനസ് ടു ബിസിനസ് (ബി2ബി) പേയ്മന്റ് സൊല്യൂഷന്‍സ് കമ്പനിയാണ് പേമെയ്റ്റ് ഇന്ത്യ.
2021 ഡിസംബര്‍ 31 വരെ കമ്പനിയ്ക്ക് 49,953 ഉപഭോക്താക്കളുണ്ട്. അതില്‍ 480 എണ്ണം വലിയ സ്ഥാപനങ്ങളും 49,473 എണ്ണം ചെറുകിട, മീഡിയം സ്ഥാപനങ്ങളുമാണ്. ഡിസംബര്‍വരെയുള്ള 9 മാസത്തില്‍ 48400.50 കോടി രൂപയുടെ ഇടപാടുകളാണ് കമ്പനി നടത്തിയത്.
ഡിസംബര്‍ വരെ 47203 പേര്‍ പേമെയ്റ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. 2021 സാമ്പത്തികവര്‍ഷത്തില്‍ 348.40 കോടി രൂപയുടെ വരുമാനമുണ്ടാക്കാനും കമ്പനിയ്ക്കായി. 27.77 കോടി രൂപ നഷ്ടത്തിലാണ് കമ്പനിയുള്ളത്.
ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 77 കോടി പുതിയ നിക്ഷേപങ്ങള്‍ക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമായി ചെലവഴിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പേഴ്‌സ് പറയുന്നു. 228 കോടി പുതിയ സംരഭങ്ങള്‍ തുടങ്ങാനും 689 കോടി രൂപ പങ്കാളിത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ പണയപ്പെടുത്താനും ഉപയോഗിക്കും.
ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ്, കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍സ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുക.